Salim Kumar: ‘ദൈവങ്ങള്‍ ഒരുപാട് പൈസ വാങ്ങിച്ചിട്ടുണ്ട്, ഒരു കാര്യവും നടത്തി തന്നിട്ടില്ല’; 18 വര്‍ഷം ശബരിമലയില്‍ പോയ സലിംകുമാര്‍ യുക്തിവാദിയായ കഥ
Salim Kumar reveals whether he is a believer in God : അന്ന് ആ പണം പരസ്യത്തിന് ഉപയോഗിക്കാന്‍ പറഞ്ഞ് മുരളി ആ തുക ലാല്‍ ജോസിന് തിരികെ നല്‍കി. അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ല. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ അമ്പലത്തില്‍ പോയി പ്രസാദം വാങ്ങും. തന്നെ പോലെ യുക്തിവാദിയല്ലായിരുന്നുവെന്നും സലിം കുമാര്‍

18 വര്‍ഷത്തോളം ശബരിമലയില്‍ പോയ താന്‍ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വെളിപ്പെടുത്തി നടന്‍ സലിം കുമാര്‍. ദൈവം ഇല്ലെന്ന് അയ്യപ്പസ്വാമിയാണ് കാണിച്ചുതന്നതെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശബരിമലയില്‍ തത്വമസി എന്ന് എഴുതിയിട്ടുണ്ട്. അത് നീയാകുന്നുവെന്നാണ് അര്‍ത്ഥം. അത് താനാണെങ്കില്‍ പിന്നെ താന്‍ എന്തിനാണ് പോകേണ്ടതെന്നും എങ്ങും പോകേണ്ട കാര്യമില്ലല്ലോയെന്നും സലിംകുമാര്‍ ചോദിച്ചു. ഇതുവരെ ദൈവങ്ങള്‍ തന്റെ കാര്യം നടത്തി തന്നിട്ടില്ല. ദൈവങ്ങള്‍ ഒരുപാട് പൈസ വാങ്ങിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
‘ആദ്യം മനസിലേക്ക് വരുന്നത് മുരളി ചേട്ടന്‍’
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് മുരളി ചേട്ടനെ(നടന്‍ മുരളി)യാണെന്ന് സലിം കുമാര്‍ വ്യക്തമാക്കി. അദ്ദേഹത്തെ പോലൊരു നടന്‍ ഓപ്പോസിറ്റ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്ക് അത്രയും പെര്‍ഫോം ചെയ്യാന്‍ പറ്റില്ലായിരുന്നു. അന്ന് വരെ അദ്ദേഹത്തെ അത്ര പരിചയമില്ലായിരുന്നു.
ഒരു ദിവസം ഷൂട്ടിംഗിന് മുരളി ചേട്ടന്‍ വരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു. പുള്ളി കുടിക്കുമെന്നാണ് കേട്ടിട്ടുള്ളത്. പകല്‍ കുടിക്കാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും പറഞ്ഞു. മുരളി ചേട്ടന്‍ വന്നപ്പോള്‍ അദ്ദേഹവുമായി പെട്ടെന്ന് അടുത്തു. ഒരു സഹോദരന്‍ പറയുന്ന പോലെ അദ്ദേഹത്തോട് അവിടെ കുടിക്കരുതെന്ന് പറഞ്ഞു. അദ്ദേഹം അത് അനുസരിക്കുകയും ചെയ്തുവെന്നും സലിം കുമാര്‍ വെളിപ്പെടുത്തി.




ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ നേരം തന്നെ കെട്ടിപിടിച്ചു. അദ്ദേഹത്തിന്റെ പടവും സ്റ്റേറ്റ് അവാര്‍ഡിന് മത്സരിക്കുന്നുണ്ടെന്നും, എന്നാലും തനിക്ക് അവാര്‍ഡ് കിട്ടാന്‍ പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ലാല്‍ജോസ് എത്തി അദ്ദേഹത്തിന് പണം നല്‍കി. ആ പണം പരസ്യത്തിന് ഉപയോഗിക്കാന്‍ പറഞ്ഞ് അദ്ദേഹം ആ തുക ലാല്‍ ജോസിന് തിരികെ നല്‍കി. അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ല. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ അമ്പലത്തില്‍ പോയി പ്രസാദം വാങ്ങും. തന്നെ പോലെ യുക്തിവാദിയല്ലായിരുന്നുവെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് വരെ മമ്മൂട്ടി എനിക്ക് അന്യനായിരുന്നു
2000-ലാണ് മമ്മൂക്കയുടെ കൂടെ അമേരിക്കയിലേക്ക് പോകുന്നത്. അന്ന് വരെ മമ്മൂട്ടി തനിക്ക് അന്യനായ ആളായിരുന്നു. എന്നുവച്ചാല്‍ നേരിട്ട് പരിചയമില്ലാത്ത ആളായിരുന്നു. കുഞ്ചന്‍, ദിവ്യാ ഉണ്ണി, വിനീത്, ജി. വേണുഗോപാല്‍ തുടങ്ങിയവരെയും പരിചയമില്ല. പരിചയമില്ലാത്തവരുടെ കൂടെയാണ് അന്ന് അമേരിക്കയിലേക്ക് പോയത്. എന്നാല്‍ ഇതുവരെ പോയതില്‍ ഏറ്റവും മനോഹരമായ ട്രിപ്പായിരുന്നു അത്. മമ്മൂക്കയെയും കുഞ്ചേട്ട(നടന്‍ കുഞ്ചന്‍)നെയുമൊക്കെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്നും സലിം കുമാര്‍ വ്യക്തമാക്കി.
അന്ന് പഴയ ഷൂവായിരുന്നു ഇട്ടിരുന്നത്. അപ്പോള്‍ മമ്മൂക്ക ഒന്ന് നോക്കി. കീറിയ ഷൂവോണോന്ന് ചോദിച്ചു. എന്നിട്ട് ഊരാന്‍ പറഞ്ഞു. ഊരിയപ്പോള്‍ ആ ഷൂ വലിച്ചെറിഞ്ഞു കളിഞ്ഞു. ഹോട്ടലില്‍ നിന്ന് വലിച്ചെറിഞ്ഞ ഷൂ അടുത്തുള്ള നദിക്കരയിലാണ് വീണത്. തുടര്‍ന്ന് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. ഒരു കിടിലന്‍ ഷൂ വാങ്ങി. അന്ന് അതിന് 15,000 രൂപയുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.