Kollam Sudhi – Lakshmi Nakshathra : ‘ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും’; പ്രതികരിച്ച് സാജു നവോദയ
Saju Navodaya Responds to Criticism Over Lakshmi Nakshathra : ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും എന്ന് നടൻ സാജു നവോദയ. ചെയ്യേണ്ടത് രഹസ്യമായിട്ടാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

മരണപ്പെട്ട നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണം അവതാരകയായ ലക്ഷ്മി നക്ഷത്ര മാർക്കറ്റ് ചെയ്യുന്നു എന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ സാജു നവോദയ. ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അത് തോന്നും എന്ന് സാജു നവോദയ തുറന്നടിച്ചു. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
സുധിയെ വിറ്റ് കാശാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തന്നെ തോന്നും എന്ന് അദ്ദേഹം പറഞ്ഞു. താനും രാജേഷ് പറവൂരുമൊക്കെ സുധിയുടെ കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതാണ്. പക്ഷേ, തങ്ങൾക്ക് സൈബറാക്രമണം നേരിടേണ്ടിവന്നില്ല. ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്താൽ അത് കിട്ടണമെന്നേ താൻ പറയൂ. അങ്ങനെ ചെയ്തതുകൊണ്ടാണ് ആളുകൾ അത് പറയുന്നത്. ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. വീട്ടിൽ കൊണ്ടുപോയി നൽകുക. തങ്ങളറിയാതെ മറ്റൊരാൾ ഷൂട്ട് ചെയ്തതാണെങ്കിൽ ശരി. ഇത് ഇവർ തന്നെയാണ് എല്ലാം ചെയ്തത്. മുൻപ് സുധിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ആരും വിഡിയോ ഇട്ടില്ല. എന്നിട്ട് ഇങ്ങനെ ഒരവസ്ഥയിൽ അതൊക്കെ ഉപയോഗിക്കുകയാണെന്ന് ആളുകൾക്ക് തോന്നി. സാധാരണ്ണ ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പൊതുജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലക്ഷ്മിയ്ക്ക് ശരിയെന്ന് തോന്നിയതാവും ലക്ഷ്മി ചെയ്തത്. കമൻ്റുകൾ അതിട്ടവരുടെ ശരികളാണ് എന്നും സാജു നവോദയ പ്രതികരിച്ചു.
അതേസമയം, സുധിയുടെ ഭാര്യ രേണുവിനെതിരായ വിമർശനങ്ങളോടും സാജു നവോദയ പ്രതികരിച്ചു. സുധി പോയി. ഇനി കുഞ്ഞുങ്ങളെ നോക്കേണ്ടത് രേണുവാണ്. ചേട്ടൻ പോയെന്നുപറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. മക്കളിൽ ഒരാൾ കൈക്കുഞ്ഞാണ്. അവരെ വളർത്തി വലുതാക്കാൻ മൂലയ്ക്ക് ഒതുങ്ങിനിന്നിട്ട് കാര്യമില്ല. നമ്മൾക്കുള്ളതിൻ്റെ ഇരട്ടി വിഷമം രേണുവിൻ്റെ മനസിലുണ്ടാവും. ആരാൻ്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ. രേണുവിനെ കുറ്റപ്പെടുത്താൻ വരുന്നവർ സ്വന്തം ഭാഗം ശരിയാണോ എന്ന് നോക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.
സുധിയുടെ ഭാര്യയ്ക്ക് ചെയ്ത സാമ്പത്തിക സഹായങ്ങളടക്കം ലക്ഷ്മി നക്ഷത്ര തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. അടുത്തിടെ സുധിയുടെ മണം പെർഫ്യൂം ആക്കി ഭാര്യക്ക് സമ്മാനിച്ചതും വിഡിയോ ആയി പുറത്തുവിട്ടു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.