Saif Ali Khan: സെയ്ഫ് ഡബിൾ സ്ട്രോങ്! ആരാധകരെ അഭിവാദ്യം ചെയ്ത് താരം;ആശുപത്രി വിട്ടു, നേരെ പോയത് ഇവിടേക്ക്
Saif Ali Khan Discharged From Hospital: ആശുപത്രി വിട്ട താരം നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വച്ചാണ് താരം ആക്രമിക്കപ്പെട്ടത്. ആദ്യം ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും പോകുന്നത് എന്ന് റിപ്പോർട്ട് ഉണ്ടായരുന്നു.
മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ഇന്ന് ഉച്ച കഴിഞ്ഞാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. തുടർന്ന് വൈകിട്ടോടെ ആശുപത്രി വിടുകയായിരുന്നു. ആശുപത്രി വിട്ട താരം നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വച്ചാണ് താരം ആക്രമിക്കപ്പെട്ടത്. ആദ്യം ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും പോകുന്നത് എന്ന് റിപ്പോർട്ട് ഉണ്ടായരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു നടനെ കുത്തിയത്. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണ് കുത്തിപരിക്കേൽപ്പിച്ചത്. അക്രമത്തിൽ ഗുരുതര പരിക്കേറ്റ താരത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരുന്ന താരത്തെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ താരത്തിന്റെ അമ്മ ശര്‍മിള ടാഗോര്‍, ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ ആശുപത്രയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രി വിടാന്‍ വൈകുന്നേരമായി.
നീല ജീന്‍സും വെള്ള ഷര്‍ട്ടും കറുപ്പ് സണ്‍ഗ്ലാസും ധരിച്ച് കറുപ്പ് പോര്‍ഷെ കാറിലാണ് താരം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തിയ താരത്തിനെ കാത്ത് നിരവധി ആരാധകരാണ് തടിച്ച് കൂടിയത്. ഇവരെ അഭിവാദ്യം ചെയ്താണ് താരം അകത്ത് പ്രവേശിച്ചത്. കൈയില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും ദൃശ്യമാണ്. അതേസമയം താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തിയേക്കും.
#SaifAliKhan thanks his fans and well wishers for all their prayers and blessings pic.twitter.com/kF8TJH7oz6
— BollyHungama (@Bollyhungama) January 21, 2025
താരത്തെ ആക്രമിച്ച കേസിൽ ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത്. വീട്ടിലെത്തിയ ഇയാളുടെ സിസിടിവി ദൃശ്യങ്ങൽ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സ്വദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ഇയാൾ പിടിയിലായത്. മുംബൈ വർളിയിലെ പബ്ബിൽ ജോലി ചെയ്ത് വരുകയായിരുന്നു ഇയാൾ. ഇതിനിടെയിൽ അവിടെ നിന്ന് വജ്രാഭരണം മോഷ്ടിച്ചതിനു ഷെഹ്സാദ് പിടിക്കപ്പെട്ടിരുന്നു. തുടർന്നു ജോലി നഷ്ടപ്പെട്ടു. ബംഗ്ലദേശിൽനിന്ന് ബംഗാൾ വഴി എട്ടുമാസം മുൻപാണ് ഇയാൾ ഇന്ത്യയിലെത്തിയത്.