Saif Ali Khan: അക്രമി കുത്തിയത് 6 തവണ, മുറിവുകളിൽ 10 സ്റ്റിച്ച്; വീട്ട് ജോലിക്കാരിയിലേക്കും അന്വേഷണം
Saif Ali Khan Injured in Knife Attack at Mumbai Home: ഇന്ന് രാവിലെയാണ് സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് കുത്തേറ്റത്. മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റത് എന്നാണ് റിപ്പോർട്ട്. ബാന്ദ്രയിലെ വസതിയിലാണ് സംഭവം.
മുംബൈ: മോഷ്ടാക്കളുടെ കുത്തേറ്റ ബോളീവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരത്തിന് ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം കൂടുതൽ ആഴത്തിലുള്ളതെന്നുമാണ് താരത്തെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി വാര്‍ത്ത മാധ്യമങ്ങളോട് പറഞ്ഞു.
“വസതിയിൽ വച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെയ്ഫിനേറ്റ ആറ് പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരെണ്ണം നട്ടെല്ലിന് സമീപമാണ്. സംഭവത്തിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ന്യൂറോ സര്‍ജനും കോസ്‌മെറ്റിക്‌സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇത് പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു”, ഡോ. നീരജ് ഉറ്റാമനി പറഞ്ഞു.
Also Read:ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു
ഇന്ന് രാവിലെയാണ് സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് കുത്തേറ്റത്. മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റത് എന്നാണ് റിപ്പോർട്ട്. ബാന്ദ്രയിലെ വസതിയിലാണ് സംഭവം. ഇവിടെ അതിക്രമിച്ചു കയറിയ മോഷ്ടാവ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. താരത്തെ ആക്രമിച്ച സംഘം ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാന്ദ്ര പോലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വീട്ട് ജോലിക്കാരിയിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റ ഭാഗമായി വീട്ടിലെ സ്റ്റാഫിൽ നിന്ന് മൂന്ന് പേരുടെ മൊഴി പോലീസ് ശേഖരിച്ചു.
താരത്തിനു നേരെയുണ്ടായ ആക്രമണം ബോളിവുഡ് ആകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബാന്ദ്രയിലെ മികച്ച സുരക്ഷയുള്ള, സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്ന പ്രദേശത്താണ് ഈ സംഭവം ഉണ്ടായതാണ് ഏവരെയും ഭീതിയിലാഴ്ത്തിയത്. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.