Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ അക്രമി പൊലീസ് പിടിയിൽ; മുംബൈ പൊലിസ് പ്രതിയെ ചോദ്യം ചെയ്യുന്നു
Saif Ali Khan Attack Main Suspect Got Arrested: വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫ് അലിഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ ആൾ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.
മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. മുംബൈ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് നേരത്തെ 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
ജനുവരി 16-ാം തീയതി പുലർച്ചെ 2.30 ഓടെയാണ് സെയ്ഫ് അലിഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ ആൾ നടനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. കഴുത്തിൽ ഉൾപ്പടെ ആറ് കുത്തേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായി. സൈഫ് അലി ഖാൻ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട താരത്തെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത്.
പോലീസ് പങ്കുവെച്ച സിസിടിവി ദൃശ്യം:
12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11-ാം നിലയിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. ആക്രമണ സമയത്ത് സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. പൊലീസിന് നൽകിയ മൊഴി അനുസരിച്ച് സെയ്ഫിന്‍റെ ഇളയമകന്‍ ജെയുടെ നാനി എലിയാമ ഫിലിപ്പാണ് അക്രമിയെ ആദ്യം നേരിട്ടത്. അക്രമി ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ഇവർ പൊലീസിന് മൊഴി നൽകി.
ഇത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിച്ചു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റെങ്കിലും ഉടൻ തന്നെ ഇവർ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു. ശബ്ദം കേട്ട് സെയ്ഫ് അലി ഖാനും കരീനയും മുറിയിലേക്ക് എത്തിയതോടെ അക്രമി ഇവരെ ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിലും തോളിലും മുതുകിലും എല്ലാം കുത്തേറ്റിട്ടുണ്ട്.
ആക്രമണത്തിൽ വീട്ടിലെ മറ്റൊരു ജീവനക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കാനാണ് ഇയാള്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും ഫയര്‍ എസ്‌കേപ്പ് വഴിയായിരുന്നു ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചതെന്നും സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം വ്യക്തമാക്കി. സെയ്ഫിനെ ആക്രമിച്ച ശേഷം പ്രധാന ഗോവണി വഴി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.