Mammootty Mohanlal Rejoins : മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒന്നിക്കുന്നു?; സൂചനയുമായി ആൻ്റണി പെരുമ്പാവൂർ
Mammootty And Mohanlan Rejoins : മമ്മൂട്ടിയുടെ കീഴിലുള്ള സിനിമാ നിർമ്മാണക്കമ്പനി മമ്മൂട്ടി കമ്പനിയും ആൻ്റണി പെരുമ്പാവൂരിൻ്റെ ആശിർവാദ് സിനിമാസും തമ്മിൽ ഒന്നിക്കുന്നു എന്ന് സൂചന. ആൻ്റണി പെരുമ്പാവൂർ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇക്കാര്യം അറിയിച്ചത്.
മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒന്നിക്കുന്നു എന്ന സൂചനയുമായി നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ആൻ്റണി പെരുമ്പാവൂർ ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ആൻ്റണി പെരുമ്പാവൂരിൻ്റെ പോസ്റ്റ്.
ആശിർവാദ് സിനിമാസ് 🤝 മമ്മൂട്ടി കമ്പനി ⏳ എന്ന് കുറിപ്പെഴുതി മൂവരും തമ്മിലുള്ള ചിത്രങ്ങളാണ് ആൻ്റണിൻ പെരുമ്പാവൂർ പങ്കുവച്ചിരിക്കുന്നത്. ഇരു നിർമ്മാണക്കമ്പനികളും തമ്മിൽ ഒരുമിക്കുകയാവുമെന്നാണ് സോഷ്യൽ മീഡിയ ഇത് ഡീക്കോഡ് ചെയ്ത് പറയുന്നത്. ഇവർ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയെത്തുമോ എന്നും ആരാധകർ ചോദിക്കുന്നു.
മമ്മൂട്ടിയുടെ കീഴിലുള്ള നിർമ്മാണക്കമ്പനിയാണ് മമ്മൂട്ടി കമ്പനി. മികച്ച സിനിമകൾ പുറത്തിറക്കിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ സിനിമാ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നിർമാണക്കമ്പനിയാണ് ഇത്. സമീപകാലത്തിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ നിർമിച്ചത് മമ്മൂട്ടി കമ്പനി തന്നെയായിരുന്നു. നിസാം ബഷീറിൻ്റെ പരീക്ഷണ ചിത്രമായ റോർഷാർക്കിലൂടെയാണ് മമ്മൂട്ടി കമ്പനി സിനിമാ നിർമാണം തുടങ്ങിയത്. മികച്ച തിരക്കഥയും മേക്കിംഗും കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയിൽ മമ്മൂട്ടിയുടെയും ബിന്ദു പണിക്കരിൻ്റെയും തകർപ്പൻ പ്രകടനങ്ങളും കണ്ടു. ടെക്നിക്കലി മികച്ചുനിന്ന സിനിമ മലയാളത്തിലെ എണ്ണം പറഞ്ഞ റിവഞ്ച് ത്രില്ലറുകളിൽ ഒന്നാണ്.
Also Read : AMMA : ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല; പവർ ഗ്രൂപ്പ് ആരെന്നറിയില്ല: സിദ്ധിഖ്
റോർഷാർക്കിന് പിന്നാലെ പുറത്തുവന്ന കണ്ണൂർ സ്ക്വാഡും ശ്രദ്ധിക്കപ്പെട്ടു. നവാഗതനായ റോബി വർഗീസ് രാജിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കെട്ടുറപ്പുള്ള തിരക്കഥയും മേക്കിംഗും കൊണ്ട് ശ്രദ്ധേയമായി. ഇതിലും മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധേയമായി. പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും ജിയോ ബേബിയുടെ കാതലും പുറത്തുവന്നു. രണ്ട് ചിത്രങ്ങളും രണ്ട് തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രങ്ങളെ തേടിയെത്തി. ഏറ്റവും അവസാനമായി മമ്മൂട്ടി കമ്പനി നിർമിച്ചത് വൈശാഖ് സംവിധാനം ചെയ്ത ടർബോ എന്ന ചിത്രമായിരുന്നു. മുൻപുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ചിത്രമായിരുന്നു ടർബോ. മറ്റ് മമ്മൂട്ടി കമ്പനി സിനിമകൾ പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടർബോയും ബോക്സോഫീസിൽ നേട്ടമുണ്ടാക്കി.
2000ൽ നിലവിൽ വന്ന സിനിമാ നിർമ്മാണക്കമ്പനിയാണ് ആശിർവാദ് സിനിമാസ്. മോഹൻലാലിൻ്റെ മാനേജരായിരുന്ന ആൻ്റണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമാസ് ആരംഭിച്ചത്. മോഹൻലാലിൻ്റെ സിനിമകൾ നിർമ്മിക്കുകയെന്നതായിരുന്നു കമ്പനിയ്ക്ക് പിന്നിലെ ലക്ഷ്യം. 2000ൽ നരസിംഹത്തിലൂടെ ആശിർവാദ് സിനിമാസ് ആദ്യമായി സിനിമാ നിർമാണ രംഗത്തെത്തി. പിന്നീട് പല ശ്രദ്ധേയമായ ചിത്രങ്ങളും ആശിർവാദ് സിനിമാസ് നിർമിച്ചു. ഇതിനിടെ മോഹൻലാലിൻ്റെ മകൻ പ്രണവ് നായകനായ ആദി എന്ന ചിത്രവും ആശിർവാദ് സിനിമാസ് നിർമ്മിച്ചു. മോഹൻലാൽ സംവിധായകനായെത്തുന്ന ബറോസ് ആണ് ആശിർവാദിൻ്റെ നിർമ്മാണത്തിലൊരുങ്ങിയ അവസാനത്തെ ചിത്രം. പൃഥ്വിരാജിൻ്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗം എമ്പുരാൻ ചിത്രീകരണം തുടരുകയാണ്. ആകെ 36 സിനിമകളാണ് ആശിർവാദ് ഇതുവരെ നിർമിച്ചിട്ടുള്ളത്.