Roopesh Peethambaran: ‘ഇങ്ങേർക്കെന്താ എന്നോടിത്ര കലിപ്പെന്ന് വിചാരിച്ചു; കാരണം അറിഞ്ഞത് 15 വർഷങ്ങൾക്ക് ശേഷം; തിലകനെ കുറിച്ച് രൂപേഷ് പീതാംബരൻ പറഞ്ഞത്
Roopesh Peethambaran About Working With Thilakan: സ്ഫടികത്തിന്റെ സെറ്റിൽ വെച്ച് തിലകൻ തന്നെ അവഗണിച്ചതിനെ കുറിച്ചും, പിന്നീട് 15 വർഷങ്ങൾക്ക് ശേഷം അതിനുള്ള കാരണം എന്താണെന്ന് അറിഞ്ഞതിനെ പറ്റിയുമാണ് അഭിമുഖത്തിൽ രൂപേഷ് സംസാരിക്കുന്നത്.

രൂപേഷ് പീതാംബരൻ, തിലകൻ
1995ൽ മോഹൻലാലിനെ നായകനാക്കി സംവിധായകൻ ഭദ്രൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. തിലകൻ, ഉർവശി, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സിനിമയിലെ പ്രധാന വേഷങ്ങളിൽ ഒന്നായ മോഹൻലാലിൻറെ ചെറുപ്പം അവതരിപ്പിച്ചത് രൂപേഷ് പീതാംബരൻ ആയിരുന്നു. ചിത്രം 2024ൽ വീണ്ടും റീ-റിലീസായ സമയത്ത് അതോടനുബന്ധിച്ച് രൂപേഷ് ഒരു അഭിമുഖം നൽകിയിരുന്നു. ചിത്രീകരണ സമയത്ത് തിലകനിൽ നിന്നുണ്ടായ പെരുമാറ്റത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ബിഹൈൻഡ് വുഡ്സിന് അദ്ദേഹം നൽകിയ ഈ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
സ്ഫടികത്തിന്റെ സെറ്റിൽ വെച്ച് തിലകൻ തന്നെ അവഗണിച്ചതിനെ കുറിച്ചും, പിന്നീട് 15 വർഷങ്ങൾക്ക് ശേഷം അതിനുള്ള കാരണം എന്താണെന്ന് അറിഞ്ഞതിനെ പറ്റിയുമാണ് അഭിമുഖത്തിൽ രൂപേഷ് സംസാരിക്കുന്നത്. സെറ്റിൽ വെച്ച് തിലകൻ സംസാരിക്കാതിരുന്നത് വളരെ വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹത്തോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു എന്നും രൂപേഷ് പറയുന്നു. മോഹൻലാൽ, നെടുമുടി വേണു, കെപിഎസി ലളിത ഉൾപ്പടെയുള്ള താരങ്ങൾ വളരെ ഫ്രണ്ട്ലി ആയിട്ടാണ് തന്നോട് പെരുമാറിയതെന്നും അഭിമുഖത്തിൽ രൂപേഷ് പറയുന്നുണ്ട്.
ALSO READ: ‘ആദ്യം ജിഷിനെ ഇഷ്ടമായിരുന്നില്ല, മോശം കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്’; അമേയ
“സ്ഫടികത്തിൽ അഭിനയിക്കാനായി ചെല്ലുമ്പോൾ തിലകൻ അങ്കിൾ എന്നെ കണ്ടു കഴിഞ്ഞാൽ മൈൻഡ് ചെയ്യാതെ നടക്കും. സംസാരിക്കുകയാണെങ്കിൽ തന്നെ വളരെ ശബ്ധം കനപ്പിച്ചിട്ടാണ് സംസാരിക്കുന്നത്. ഞാൻ അന്ന് വിചാരിക്കും ഇങ്ങേർക്കെന്താ എന്നോടിത്ര കലിപ്പെന്ന്. ആ സിനിമ മുഴുവനും അങ്ങനെ തന്നെയായിരുന്നു. എന്നോട് ഒന്നും സംസാരിച്ചിരുന്നില്ല. ചൂടൻ ആണെന്ന് വിചാരിച്ചിരിക്കുവായിരുന്നു. 1995ൽ പടം റിലീസായി. 2010ൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഞാൻ തിലകൻ അങ്കിളിനെ കാണാനിടയായി. 15 വർഷത്തിന് ശേഷമാണത്. മൂപ്പര് കാറിൽ നിന്നിറങ്ങി എന്നെ കണ്ടു.
ഞാൻ പോയി എന്നെ പരിചയപ്പെടുത്തണമെന്ന് കരുതി നിൽകുമ്പോൾ മൂപ്പര് ദൂരന്ന് എന്നെ വിളിച്ചു ‘ഡാ തോമാ’ എന്ന്. ഞാൻ അന്ന് നല്ല തടിയുണ്ടായിരുന്നു. അപ്പോൾ അങ്കിളിനോട് പോയി ചോദിച്ചു എന്നെ മനസ്സിലായോ എന്ന്. നിന്നെ എന്താ മനസിലാവാണ്ട് എന്ന് പറഞ്ഞ് തോളിൽ കൈയൊക്കെ ഇട്ടു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് സ്റ്റുഡിയോയുടെ അകത്ത് പോയി. എന്നിട്ട് അദ്ദേഹം എന്നോട് ചോദിച്ചു, നിന്നോട് ഞാൻ അന്ന് ദേഷ്യപ്പെട്ട് സംസാരിച്ചതിൽ നിനക്ക് വിഷമം ഉണ്ടോ എന്ന്. ഞാൻ ഞെട്ടി പോയി. കാരണം വേറൊന്നുമല്ല നമ്മുടെ കഥാപാത്രങ്ങൾ അങ്ങനെ ആയിരുന്നു. ഞാൻ സോഫ്റ്റ് ആയി കഴിഞ്ഞാൽ അത് നിന്റെ അഭിനയത്തെ ബാധിക്കും. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് പറഞ്ഞു” എന്നാണ് അഭിമുഖത്തിൽ രൂപേഷ് പീതാംബരൻ പറഞ്ഞത്.