P Jayachandran: ഭാവഗായകന് വിട ചൊല്ലാന്‍ ഒരുങ്ങി നാട്; ഇന്ന് പൊതുദര്‍ശനം, സംസ്കാരം നാളെ
r P Jayachandran Public Viewing Arranged: വ്യാഴാഴ്ച വൈകിട്ട് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അർബുദ രോഗത്ത തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
തൃശൂർ: മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രന് വിട ചൊല്ലാനൊരുങ്ങി കേരളം. സംസ്കാര ചടങ്ങുകൾ നാളെ വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ വെച്ച് നടക്കും. ഇന്ന് രാവിലെ എട്ട് മണി മുതൽ പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിലും പൊതുദർശനം ഉണ്ടാകും. ശേഷം പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ വച്ച് നാളെ വൈകീട്ട് 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണിവരെ തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.
തൃശൂരിലെ അമല ആശുപത്രിയിൽ വെച്ച് രാത്രി 7.54 നായിരുന്നു മലയാളികളുടെ ഭാവഗായകൻ വിടവാങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അർബുദ രോഗത്ത തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഒൻപത് ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചത്.
അതേസമയം, പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. മമ്മൂട്ടി, മോഹൻലാൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, മന്ത്രി വി.എൻ. വാസവൻ, മന്ത്രി കെ.ബി. ഗണേഷ് കുമാർ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ALSO READ: മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്
യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ ആയിരുന്നു എന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. “ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു, അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നു. കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം” മോഹൻലാൽ കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പി ജയചന്ദ്രൻ പതിനായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കേരളത്തിലെത്തി. കൂടാതെ, മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം അഞ്ചു തവണ സ്വന്തമാക്കി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി എന്നിവയും ലഭിച്ചിട്ടുണ്ട്.