P Jayachandran Funeral: പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ആദരാഞ്ജലിയർപ്പിച്ച് കേരളം
P Jayachandran Funeral at hHs Ancestral Home: രാവിലെ 10 മണി മുതൽ 12 മണി വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടായിരുന്നു. പ്രിയ ഗായകനെ ഒരു നോക്ക് അവസാനമായി കാണാൻ പ്രമുഖർ അടക്കം നിരവധി പേരാണ് സ്ഥലത്തെത്തിയത്.
കൊച്ചി: മലയാളികളുടെ സ്വന്തം ഭാവഗായകന് ആദരാഞ്ജലി അർപ്പിച്ച് കേരളം. പി ജയചന്ദ്രന്റെ സംസ്കാരം നാളെയാണ്. നാളെ (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശമായ പറവൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്‌കാരം. അന്നേ ദിവസം രാവിലെ 9 മണി മുതൽ പാലിയത്തെ തറവാട്ടിൽ പൊതുദർശനവും ഒരുക്കിയിട്ടുണ്ട്.
ജയചന്ദ്രന്റെ ഭൗതീകശരീരം ഇന്ന് രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. തുടർന്ന് രാവിലെ 10 മണി മുതൽ 12 മണി വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടായിരുന്നു. പ്രിയ ഗായകനെ ഒരു നോക്ക് അവസാനമായി കാണാൻ പ്രമുഖർ അടക്കം നിരവധി പേരാണ് സ്ഥലത്തെത്തിയത്.
വ്യാഴാഴ്ച രാത്രി തൃശൂർ അമല ആശുപത്രിയിൽ വെച്ചായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. അർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ പോകാനുള്ള ആഗ്രഹത്തെ തുടർന്ന് ബുധനാഴ്ചയാണ് ജയചന്ദ്രൻ ഡിസ്ചാർജ് വാങ്ങി പോയത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും അന്ന് വൈകുന്നേരം തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൾസ് വളരെ കുറവായിരുന്നതായും, വിദഗ്ധ ഡോക്ടർമാരെത്തി സിപിആർ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ALSO READ: മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്
1944 മാർച്ച് മൂന്നിന് കൊച്ചി രവിപുരത്തായിരുന്നു പി ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിൽ നിന്നാണ് സംഗീതത്തോടുള്ള ഇഷ്ടം ജയചന്ദ്രനിൽ ഉടലെടുക്കുന്നത്. കുട്ടിക്കാലത്ത് കുറച്ചുകാലം അദ്ദേഹം ചെണ്ടയും മൃദംഗവും പഠിച്ചിരുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി പാടിയത്. എന്നാൽ, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ പാട്ടാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനമായ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാനമായിരുന്നു അത്.
മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ജയചന്ദ്രൻ ഗാനം ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ഒരു ദേശീയ അവാർഡും അഞ്ച് കേരള സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരവും, തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി ബഹുമതിയും ലഭിച്ചു.