Rekhachithram OTT Release: തീയറ്റർ നിറച്ചതിന് ശേഷം രേഖാചിത്രം ഒടിടിയിലേക്ക്; ആസിഫ് അലി ചിത്രത്തിൻ്റെ സ്ട്രീമിങ് അവകാശം നേടിയത് ഈ പ്ലാറ്റ്ഫോം
Rekhachithram OTT Release Announced : ആസിഫ് അലി നായകനായ രേഖാചിത്രം എന്ന സിനിമയുടെ സ്ട്രീമിങ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന്. മുൻപും വ്യത്യസ്തമായ മലയാള സിനിമകളുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിട്ടുള്ള പ്ലാറ്റ്ഫോമാണ് രേഖാചിത്രത്തിൻ്റെ അവകാശവും നേടിയത്.
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ചിത്രമായ രേഖാചിത്രത്തിൻ്റെ ഒടിടി അവകാശം പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്. ഒടിടി റിലീസ് തീയതി എന്നാണെന്ന് വ്യക്തമല്ലെങ്കിലും ഒരു പ്രമുഖ പ്ലാറ്റ്ഫോമാണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായ രേഖാചിത്രം ഇപ്പോഴും തീയറ്ററിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സിനിമ 50 കോടി ക്ലബിൽ കയറിയിരുന്നു.
വ്യത്യസ്തമായ സിനിമകളുടെ അവകാശം സ്വന്തമാക്കിയ സോണിലിവ് ആണ് രേഖാചിത്രത്തിൻ്റെയും സ്ട്രീമിങ് അവകാശം നേടിയിരിക്കുന്നത്. മികച്ച തുകയ്ക്കാണ് രേഖാചിത്രത്തിൻ്റെ ഒടിടി അവകാശം സോണിലിവ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. ആസിഫ് അലിയുടെ തലവൻ, ഇന്നലെ വരെ തുടങ്ങിയ സിനിമകളുടെ ഒടിടി അവകാശം സോണിലിവിനാണ്. ചുരുളി, ആവാസവ്യൂഹം, പണി, ഭ്രമയുഗം, വർഷങ്ങൾക്ക് ശേഷം, പുഴു, ടർബോ, തിങ്കളാഴ്ച നിശ്ചയം തുടങ്ങി മികച്ച സിനിമകളും സോണിലിവിലാണ് സ്ട്രീം ചെയ്യുന്നത്.
1985ൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ് രേഖാചിത്രത്തിൻ്റെ കഥ. ആൾട്ടർനേറ്റ് ഹിസ്റ്ററി വിഭാഗത്തിലൊരുങ്ങിയ ചിത്രം ബോക്സോഫീസിൽ നിന്നെന്ന പോലെ നിരൂപകർക്കിടയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കാതോട് കാതോരം സിനിമാ ലൊക്കേഷനിൽ നിന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കാണാതാവുന്നതുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടുപോകുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിഎഫ്എക്സ് തുടങ്ങിയവയൊക്കെ നന്നായി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും വളരെ മികച്ചതാണ്.
പ്രീസ്റ്റ് എന്ന മമ്മൂട്ടിച്ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ ഒരുക്കിയ സിനിമയാണ് രേഖാചിത്രം. ആസിഫ് അലിയും അനശ്വര രാജനുമാണ് രേഖാചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, ഹരിശ്രീ അശോകൻ, നിശാന്ത് സാഗർ, സായ്കുമാർ, ജഗദീഷ്, സറൻ ഷിഹാബ്, ഇന്ദ്രൻസ്, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങി പലരും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോൺ മന്ത്രിക്കലും രാമു സുനിലും ചേന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രത്തിൻ്റെ സംഗീതസംവിധാനം മുജീബ് മജീദ് ആണ്. അപ്പു പ്രഭാകറാണ് ക്യാമറ.ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്ത ചിത്രം ഇക്കൊല്ലം ജനുവരി 9നാണ് റിലീസായത്. ജോൺ പോൾ തിരക്കഥയൊരുക്കിയ സിനിമയിൽ മമ്മൂട്ടിയും സരിതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്നസെൻ്റ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തി. സിനിമയിലെ ചില രംഗങ്ങൾ രേഖാചിത്രത്തിൽ പുനരവതരിപ്പിച്ചിരുന്നു.
കിഷ്കിന്ധാ കാണ്ഡമെന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ 2024 അവസാനിപ്പിച്ച ആസിഫ് അലി 2025 തുടങ്ങിയത് രേഖാചിത്രത്തിലൂടെയാണ്. മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന സിനിമ കാണാൻ ഇപ്പോഴും ആളുകൾ തീയറ്ററിലെത്തുന്നുണ്ട്. ഇതിനിടെയാണ് സോണിലിവ് ചിത്രത്തിൻ്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്.