Rekhachithram Movie Review: പുതുവർഷത്തിൽ ആസിഫ് അലിയുടെ തുടക്കം തന്നെ കലക്കി ; രേഖാചിത്രം തകർപ്പൻ സിനിമയെന്ന് ആദ്യ പ്രതികരണങ്ങൾ
Rekhachithram Movie Review And First Response: പുതുവർഷത്തിൽ ആസിഫ് അലിയുടെ ആദ്യ ചിത്രം തന്നെ ഗംഭീരമെന്ന് പ്രേക്ഷകാഭിപ്രായം. ഇന്ന് റിലീസായ രേഖാചിത്രം തകർപ്പൻ അനുഭവമാണെന്നാണ് പൊതുവായ അഭിപ്രായം. തിരക്കഥ, മേക്കിങ്, പ്രകടനങ്ങൾ എന്നിവയൊക്കെ ആരാധകർ പുകഴ്ത്തുന്നുണ്ട്.
ആസിഫ് അലിയും അനശ്വര രാജനും ഒരുമിച്ച രേഖാചിത്രം തകർപ്പൻ സിനിമയെന്ന് ആദ്യ പ്രതികരണങ്ങൾ. പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിൻ ടി ചാക്കോ (Jofin T Chacko) അണിയിച്ചൊരുക്കിയ ചിത്രം മികച്ച അനുഭവമാണെന്നാണ് പൊതുവായ അഭിപ്രായം. ആസിഫ് അലിയുടെയും അനശ്വര രാജൻ്റെയും പ്രകടനങ്ങളും തിരക്കഥയുമൊക്കെ പ്രേക്ഷകർ പുകഴ്ത്തുന്നു. ജോൺ മന്ത്രിക്കലും രാമു സുനിലും ചേർന്നാണ് രേഖാചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത്.
#Rekhachithram – What a Movie.. What a Feel ❤️❤️ Last 30 Mins 🔥💥💥 Second Half 📈📈 Peaks 🙏 #AnaswaraRajan Steals the Show as Rekha 👏👏 Superb Engaging Investigative Journey 🔥 Not Even a Single Unwanted Scene 👏 No Lags & Perfectly Edited 🔥 #Jofin Made a Brilliant Movie… pic.twitter.com/phsR6cNumd
— Kerala Box Office (@KeralaBxOffce) January 9, 2025
ഭരതൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1985ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ് രേഖാചിത്രത്തിൻ്റെ കഥ. ആൾട്ടർനേറ്റ് ഹിസ്റ്ററി വിഭാഗത്തിൽ വളരെ പുതുമയുള്ള ആവിഷ്കാരമാണ് സിനിമയുടേതെന്ന് പ്രേക്ഷകർ പറയുന്നു. ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് ജൂനിയർ ആർട്ടിസ്റ്റിനെ കാണാതാവുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സിനിമയുടെ ത്രെഡ്. ഈ ത്രെഡിൽ വളരെ ഗംഭീര അനുഭവമാണ് സിനിമ നൽകുന്നതെന്ന് പ്രേക്ഷർ അഭിപ്രായപ്പെടുന്നു. തിരക്കഥ, മേക്കിങ്, പ്രകടനങ്ങൾ തുടങ്ങി സിനിമയുടെ ഏതാണ്ടെല്ലാ വിഭാഗങ്ങളും വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിഎഫ്എക്സ് എന്നിവയെയൊക്കെ നന്നായി ഉപയോഗിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചു. കെട്ടുറപ്പുള്ള തിരക്കഥയെ വളരെ നല്ല സിനിമാനുഭവമാക്കുന്നതിൽ ജോഫിൻ ടി ചാക്കോയും വിജയിച്ചിട്ടുണ്ട് എന്നും പ്രേക്ഷകർ പറയുന്നു.
ജോൺ പോളിൻ്റെ തിരക്കഥയിൽ മമ്മൂട്ടി, സരിത എന്നിവർ ഒരുമിച്ച സിനിമയാണ് കാതോട് കാതോരം. നെടുമുടി വേണു, ഇന്നസെൻ്റ് തുടങ്ങി വിവിധ താരങ്ങൾ അഭിനയിച്ച സിനിമയിലെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ് ദേവദൂതർ പാടി. ഈ പാട്ടിനെയും രേഖാചിത്രം നന്നായി ഉപയോഗിച്ചിട്ടുണ്ട്. രേഖാചിത്രത്തിൻ്റെ ട്രെയിലറിൽ ഈ പാട്ടിൻ്റെ ചിത്രീകരണ രംഗങ്ങളുണ്ടായിരുന്നു. സംവിധായകൻ ഭരതൻ, തിരക്കഥാകൃത്ത് ജോൺ പോൾ, സഹസംവിധായകൻ കമൽ എന്നിവരെയൊക്കെ രേഖാചിത്രം ട്രെയിലറിൽ നിന്ന് പ്രേക്ഷകർ കണ്ടെടുത്തു. സിനിമയിൽ ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി സിനിമയിൽ എത്തുമോ എന്നതായിരുന്നു ചോദ്യം. മമ്മൂട്ടി ഗസ്റ്റ് റോളിലുണ്ടെന്നും അതല്ല, എഐ ഉപയോഗിച്ച് മമ്മൂട്ടിയെ സിനിമയിൽ ഉപയോഗിച്ചിരിക്കുകയാണെന്നുമൊക്കെ അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ കാര്യമായ വിശദീകരണം നൽകിയതുമില്ല. എന്നാൽ, മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് ഉണ്ടെന്നും പ്രേക്ഷകർ പറയുന്നു. തീയറ്ററുകളിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണിതെന്നാണ് പൊതുവായ അഭിപ്രായം.
ജോഫിൻ ടി ചാക്കോയുടെ രണ്ടാം സംവിധാന സംരംഭമായ രേഖാചിത്രത്തിൽ ആസിഫ് അലിയും അനശ്വര രാജനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, ഹരിശ്രീ അശോകൻ, നിശാന്ത് സാഗർ, സായ്കുമാർ, ജഗദീഷ്, സറൻ ഷിഹാബ്, ഇന്ദ്രൻസ്, ടിജി രവി, ശ്രീജിത്ത് രവി ഒരു പിടി അഭിനേതാക്കളും സിനിമയിൽ വേഷമിട്ടിരിക്കുന്നു. ജോൺ മന്ത്രിക്കലും രാമു സുനിലും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്. മുജീബ് മജീദ് ആണ് സംഗീതസംവിധാനം. അപ്പു പ്രഭാകർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.