Rekhachithram Movie: ‘മമ്മൂക്ക, നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല’; ‘രേഖാചിത്രം’ സംവിധായകന്‍
Rekhachithram Director Jofin T Chacko: നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല എന്നാണ് ജോഫിൻ പറയുന്നത്. എല്ലാറ്റിലുമുപരി അതില്‍ ഒരു ഭാഗമായതിനും നന്ദിയെന്നും ജോഫിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ ചിത്രമാണ് രേഖാചിത്രം. അനശ്വര രാജൻ നായികയായ ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മികച്ച മെയ്‍ക്കിംഗാണെന്നാണ് രേഖാചിത്രം കണ്ടവര്‍ പറയുന്നത്. ആസിഫ് അലിയുടെ പ്രകടനം മികച്ചതാണെന്നുമാണ് അഭിപ്രായങ്ങള്‍.
ജോഫിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിലൂടെയാണ് ജോഫിൻ സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോഫിന്‍ ടി ചാക്കോ. നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല എന്നാണ് ജോഫിൻ പറയുന്നത്. എല്ലാറ്റിലുമുപരി അതില്‍ ഒരു ഭാഗമായതിനും നന്ദിയെന്നും ജോഫിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
“മമ്മൂക്ക, നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. അങ്ങയുടെ പിന്തുണയാണ് മുന്നോട്ടുള്ള ഓരോ ചുവടിലും ഞങ്ങളെ നയിച്ചത്. വ്യക്തിപരമായി അസാധ്യമെന്ന് ഞാന്‍ കരുതിയ ഒന്നിനെ ഏറ്റെടുക്കുന്നതിന് ചാലകശക്തി ആയതിന് നന്ദി. എല്ലാറ്റിലുമുപരി അതില്‍ ഒരു ഭാഗമായതിനും നന്ദി”, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ജോഫിന്‍ ടി ചാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ആസിഫ് അലി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് ചിത്രത്തിലുള്ളത്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്.
അതസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന തരത്തിലുള്ള സംശയങ്ങൾ ഉന്നയിച്ചിരുന്നു. മമ്മൂട്ടി സിനിമയിൽ ഉണ്ടാകുമോ എന്ന കാര്യം തൽക്കാലം പറയാൻ കഴിയില്ലെന്നും, എന്നാൽ മമ്മൂട്ടിയെ പ്രതീക്ഷിക്കുന്നവർ നിരാശരാകില്ലെന്നും ആസിഫ് അലി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. സിനിമയ്ക്ക് എല്ലാവിധ പിൻബലവും നൽകിയ മമ്മൂട്ടിക്ക് ആസിഫ് അലി നന്ദിയും അറിയിച്ചു.