Sunny Leone | കേരള സർവ്വകലാശാലയിൽ സണ്ണി ലിയോണിയുടെ പരിപാടി വിലക്കിയ കാരണം ഇതാണ്
Sunny Leone Issue Kerala University Campus: കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയാണിത്. എന്നാൽ ഇത് സംബന്ധിച്ച് സർവ്വകലാശാലയിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നാണ് റിപ്പോർട്ട്
തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പരിപാടിക്ക് വിലക്ക്. സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജിലായിരുന്നു താരത്തിൻ്റെ പരിപാടി.
കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയാണിത്. എന്നാൽ ഇത് സംബന്ധിച്ച് സർവ്വകലാശാലയിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നാണ് റിപ്പോർട്ട്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലാണ് പരിപാടി തടഞ്ഞത്. പരിപാടി നടത്തേണ്ടെന്ന് സർവ്വകലാശാല രജിസ്ട്രാർക്കാണ് നിർദേശം നൽകിയത്.
കുസാറ്റിലെ ദുരന്തത്തിന് ശേഷം ഡി.ജെ. പാർട്ടികൾ, സംഗീതനിശ തുടങ്ങിയവ കോളേജ് ക്യാമ്പസിൽ നടത്തുന്നത് നേരത്തെ നിരോധിച്ചിരുന്നു. ജൂലായ് അഞ്ചിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതെന്തായാലും ഇനി നടക്കില്ല.
കാമ്പസിലോ പുറത്തോ യൂണിയന്റെ പേരിൽ ഇത്തരം പരിപാടികൾ വിദ്യാർഥികൾ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വി.സി. ഉത്തരവ് നിലനിൽക്കുമ്പോഴാണ് സർവകലാശാലയുടെ അനുമതി കൂടാതെ പരിപാടി നടത്താൻ എൻജിനിയറിങ് കോളേജ് യൂണിയൻ തീരുമാനിച്ചത്.