Director Renjith: സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിക്കും; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
Ranjith Granted Bail in Actress Complaint Case: 2013-ലാണ് 354-ാം വകുപ്പ് ജാമ്യമില്ലാ കുറ്റമാക്കിയത്, എന്നാൽ സംഭവം നടന്നത് 2009-ൽ ആണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വിജയഭാനു ചൂണ്ടിക്കാട്ടി.
കൊച്ചി: സംവിധായകൻ രഞ്ജിത്ത് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിൽ എറണാകളും ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് രഞ്ജിത്തിന് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. പരാതിയിൽ പറയുന്ന സംഭവം നടന്നത് 2009-ൽ ആണ്. അന്ന് 354-ാം വകുപ്പ് ജാമ്യം കിട്ടുന്ന കുറ്റമായിരുന്നു എന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വിജയഭാനു ചൂണ്ടിക്കാട്ടി. ഈ വാദം പ്രോസിക്യൂഷനും അംഗീകരിച്ചതിനെ തുടർന്ന് ജസ്റ്റിസ് സി എസ് ഡയസ് ഹർജി തീർപ്പാകുകയായിരുന്നു. അതിനാൽ , രഞ്ജിത്തിനെ കേസിൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണം. ജാമ്യത്തിന് ഇനി കോടതിയുടെ അനുമതി ആവശ്യമില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബംഗാളി നടി രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ‘പാലേരി മാണിക്യം; എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്നായിരുന്നു താരത്തിന്റെ ആരോപണം. രക്ഷപ്പെടാനായി രഞ്ജിത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ തരത്തിലുള്ള കോളിളക്കമാണ് സിനിമ മേഖലയിൽ ഉണ്ടായത്. ഇത് പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവെക്കാൻ ഇടയാക്കി.
ALSO READ: ബംഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു
അതെ സമയം, രഞ്ജിത്തിനെതിരെ പരാതിയുമായി ഒരു യുവാവും രംഗത്ത് വന്നിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആർ.