Ranjan Pramod : ‘ഒ ബേബി ഇരകൾ പോലെയല്ല; അതാര് പറഞ്ഞാലും സിനിമയെ തകർക്കലാണ്’; സത്യൻ അന്തിക്കാടിനെ വിമർശിച്ച് രഞ്ജൻ പ്രമോദ്
Ranjan Pramod Criticizes Sathyan Anthikad : സത്യൻ അന്തിക്കാടിനെ വിമർശിച്ച് രഞ്ജൻ പ്രമോദ്. തൻ്റെ ഒ ബേബി എന്ന സിനിമയെ കെ ജി ജോർജിൻ്റെ ഇരകൾ എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയതിനെതിരെയാണ് അന്തിക്കാടിനെതിരെ രഞ്ജൻ പ്രമോദ് രംഗത്തുവന്നത്. അത് സിനിമയെ തകർക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
സത്യൻ അന്തിക്കാടിനെ വിമർശിച്ച് രഞ്ജൻ പ്രമോദ്. താൻ സംവിധാനം ചെയ്ത ഒ ബേബി എന്ന സിനിമയെ കെജി ജോർജിൻ്റെ ഇരകളുമായി താരതമ്യം ചെയ്യുന്നതാരായാലും അത് സിനിമയെ തകർക്കലാണെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു. സിനിമയെ പുകഴ്ത്തി സത്യൻ അന്തിക്കാട് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെയാണ് സിനിമയുടെ സംവിധായകൻ തന്നെ വിമർശനമുന്നയിച്ചത്. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജൻ പ്രമോദിൻ്റെ വിമർശനം.
ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് നല്ല മനോഭാവമായി തോന്നുന്നില്ല എന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു. അത് സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി. അതൊരു സിനിമയെ തകര്‍ക്കലാണ്. ഉള്ളടക്കത്തിലോ ട്രീറ്റ്മെന്‍റിലോ പശ്ചാത്തലത്തിലോ ഒന്നും ഒരു ബന്ധവും ഒ ബേബിക്ക് ഇരകളുമായി ഇല്ല. ഇരകള്‍ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേയുള്ളൂ. അതും ഏലക്കാടല്ല, റബ്ബര്‍ തോട്ടമാണ്. റബ്ബർ തോട്ടമുണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് ഇരകൾ. ഒരു തരത്തിലും ഒ ബേബിയെ ജോര്‍ജ് സാറിന്‍റെ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നും രഞ്ജൻ പ്രമോദ് പ്രതികരിച്ചു.
സത്യൻ അന്തിക്കാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലാവസ്ഥയിലെ ന്യൂനമർദ്ദം പോലെയാണ് രഞ്ജൻ പ്രമോദ്. വിചാരിക്കാത്ത നേരത്ത് ആർത്തലച്ചങ്ങ് പെയ്യും. പിന്നെ മഷിയിട്ട് നോക്കിയാൽ ആളെ കാണില്ല. തിയ്യേറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമയായിരുന്നു ‘ഓ ബേബി’. ഇന്നലെ ആമസോൺ പ്രൈമിൽ ആ പടം കണ്ടു.
നമുക്ക് പരിചയമുള്ള സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രം. സിനിമക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങൾ. പടം തുടങ്ങി അവസാനിക്കും വരെ നമ്മൾ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകും. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത് കെ.ജി. ജോർജ്ജാണ്. ഇരകളിൽ. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, “എടാ മോനേ ! ” എന്നും പറഞ്ഞ് രഞ്ജൻ പ്രമോദിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചേനേ.
സിനിമ കണ്ട ആഹ്ലാദത്തിൽ രഞ്ജനെ ഞാൻ വിളിച്ചിരുന്നു. ഔട്ട്ഡോർ യൂണിറ്റും കാരാവാനും ജനറേറ്ററും കടന്നു ചെല്ലാത്ത ലൊക്കേഷനിൽ വച്ച് ഈ സിനിമ എങ്ങനെയെടുത്തുവെന്ന് ഞാൻ ചോദിച്ചു. ദിലീഷ് പോത്തനടക്കമുള്ള എല്ലാ നടീനടന്മാരും ക്യാമറാമാനും മറ്റു സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ കൂടെ നിന്നതു കൊണ്ടാണെന്ന് രഞ്ജൻ പറഞ്ഞു. അവരെയെല്ലാം ഞാൻ മനസ്സ് കൊണ്ട് നമിക്കുന്നു. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ.
സ്വാഭാവികമായി സംഭവിക്കുന്നു എന്ന് തോന്നുന്ന രംഗങ്ങളാണ് സിനിമയിൽ മുഴുവൻ. ഒരു കൗമാരക്കാരിയുടെ മനസ്സിനെ പ്രണയം വന്ന് കുത്തി നോവിക്കുന്ന അനുഭവമൊക്കെ എത്ര മനോഹരമായാണ് രഞ്ജൻ ആവിഷ്കരിച്ചിരിക്കുന്നത്. എനിക്ക് തട്ടാൻ ഭാസ്കരനേയും സ്നേഹലതയേയും തന്ന രഘുനാഥ് പലേരിയടക്കം എല്ലാവരും അനായാസമായി അഭിനയിച്ചു.
രഞ്ജൻ പ്രമോദിന്റെ അടുത്ത പെയ്ത്തിനായി ഞാൻ കാത്തിരിക്കുന്നു.