Game Changer Aired in Local Channel: റിലീസായി ആറ് ദിവസം; റാം ചരൺ ചിത്രം ‘ഗെയിം ചേഞ്ചർ’ ടിവി ചാനലിൽ; നിയമനടപടിക്കൊരുങ്ങി നിർമാതാവ്
Game Changer Aired Illegally on Local TV Channel: ഒരു ട്വിറ്റർ അക്കൗണ്ടിലാണ് 'ഗെയിം ചേഞ്ചർ' എപി ലോക്കൽ ടിവി എന്ന ചാനലിൽ പ്രദർശിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ നിർമാതാവായ ശ്രീനിവാസ കുമാറും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
റിലീസ് ചെയ്ത് അഞ്ച് ദിവസം മാത്രം പിന്നിടുമ്പോൾ റാം ചരൺ ചിത്ര ‘ഗെയിം ചേഞ്ചർ’ ടിവി ചാനലിൽ അനധികൃതമായി പ്രദർശിപ്പിച്ചതായി ആരോപണം. നേരത്തെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിലും പ്രചരിച്ചിരുന്നു. ഇതേ പതിപ്പ് തന്നെയാണ് ഇപ്പോൾ ഒരു പ്രാദേശിക ചാനലും പ്രദർശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ, ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചിത്രത്തിന്റെ നിർമാതാവ് ശ്രീനിവാസ് കുമാർ രംഗത്തെത്തി.
ഒരു ട്വിറ്റർ അക്കൗണ്ടിലാണ് ‘ഗെയിം ചേഞ്ചർ’ എപി ലോക്കൽ ടിവി എന്ന ചാനലിൽ പ്രദർശിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ നിർമാതാവായ ശ്രീനിവാസ കുമാറും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഒരു സിനിമ ആയിരക്കണക്കിന് പേരുടെ സ്വപ്നമാണെന്നും, മൂന്ന് നാല് വർഷത്തെ അധ്വാനം ആണെന്നും, അതിനാൽ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
“ഇത് അംഗീകരിക്കാൻ കഴിയില്ല. കേവലം 4-5 ദിവസം മുമ്പ് റിലീസ് ചെയ്ത ഒരു സിനിമ, പ്രാദേശിക കേബിൾ ചാനലുകളിലും ബസുകളിലും സംപ്രേക്ഷണം ചെയ്യുന്നത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. സിനിമ എന്നത് നായകൻ്റെയോ സംവിധായകൻ്റെയോ നിർമാതാക്കളുടെയോ മാത്രമല്ല, അത് മൂന്ന് നാല് വർഷത്തെ കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ആയിരക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളുടെയും ഫലമാണ്.
ഈ സിനിമകളുടെ വിജയത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിതരണക്കാരെയും പ്രദർശകരെയും ബാധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇത്തരം പ്രവൃത്തികൾ അവരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നതും സിനിമാ വ്യവസായത്തിൻ്റെ ഭാവിയെ ഭീഷണിപ്പെടുത്തുന്നതുമാണ്. ഇത് അവസാനിപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരുകൾ ശക്തമായി ഇടപെടേണ്ട സമയമാണിത്. സിനിമയുടെ നല്ല ഭാവി സംരക്ഷിക്കാനും ഉറപ്പാക്കാനും നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിൽക്കാം.” നിർമാതാവ് ശ്രീനിവാസ കുമാർ കുറിച്ചു.
ശ്രീനിവാസ കുമാർ എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
This is unacceptable. A film that was released just 4-5 days ago being telecasted on local cable channels & Buses raises serious concerns. Cinema is not just about the Hero, director or producers – it’s the result of 3-4 years of hard work, dedication and the dreams of thousands… https://t.co/ukPHIpi6ko
— SKN (Sreenivasa Kumar) (@SKNonline) January 15, 2025
സംവിധായകൻ ശങ്കർ ഒരുക്കിയ ‘ഗെയിം ചേഞ്ചർ’ ജനുവരി 10-നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. 400 കോടി ബജറ്റിൽ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പോലുള്ള വിജയം നേടാൻ കഴിഞ്ഞില്ല. കിയാര അദ്വാനി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം ലോകമെമ്പാടും റീലിസ് ചെയ്തത്. നടൻ റാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ‘ഗെയിം ചേഞ്ചർ’ ഒരുക്കിയത്.