96 Movie: റാമിന്റെയും ജാനുവിന്റെയും പ്രണയം അവസാനിച്ചിട്ടില്ല; ’96’ രണ്ടാം ഭാഗം വരുന്നു
96 Movie Part 2 Updates: 96-ന് ഒരിക്കലും രണ്ടാം ഭാഗം എടുക്കരുതെന്ന് ആഗ്രഹിച്ചതാണെങ്കിലും എഴുതി വന്നപ്പോൾ കഥ ഒരുപാട് ഇഷ്ടമായി. താരങ്ങളുടെ ഡേറ്റ് കിട്ടിയാൽ സിനിമ ചെയ്യും.
പ്രണയവും വിരഹവും സൗഹൃദവും എല്ലാം ഇടകലർന്ന ഒരു ചിത്രമായിരുന്നു ’96’. വിജയ് സേതുപതിയും തൃഷയും, റാമും ജാനുവുമായി വന്ന ’96’ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേം കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷ വാർത്ത അദ്ദേഹം പങ്കുവെച്ചത്.
“96 ചിത്രത്തിന്റെ രണ്ടാം ഭാഗമെടുക്കാൻ ആഗ്രഹമുണ്ട്. ചിത്രത്തിന്റെ കഥ എഴുതി പൂർത്തിയാകാറായി. ഇനി ചെറിയ തിരുത്തലുകൾ മാത്രമേ വരുത്താനുള്ളൂ. 96-ന് ഒരിക്കലും രണ്ടാം ഭാഗം എടുക്കരുതെന്ന് ആഗ്രഹിച്ചതാണെങ്കിലും എഴുതി വന്നപ്പോൾ കഥ എനിക്കൊരുപാട് ഇഷ്ടമായി. വിജയ് സേതുപതിയോട് കഥ പറയാൻ സാധിച്ചിട്ടില്ല, പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയോട് കഥ പറഞ്ഞു കേൾപ്പിച്ചു. കഥ പൂർത്തിയായ ശേഷം വിജയ് സേതുപതിയെ കേൾപ്പിക്കണം. തൃഷയ്ക്കും വിജയ് സേതുപതിക്കും കഥ ഇഷ്ടപ്പെട്ട് ഡേറ്റുകൾ നൽകിയാൽ ചിത്രം ചെയ്യും” സംവിധായകൻ പ്രേംകുമാർ പറഞ്ഞു.
ALSO READ: രജനികാന്തിന്റെ ‘വേട്ടൈയ്യൻ’ വരുന്നു; കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവിസിന്
സ്കൂൾ കാലത്തുണ്ടായ പ്രണയവും, വേർപിരിയലും, പിന്നീട് പൂർവ വിദ്യാർത്ഥി സംഗമത്തിലൂടെ ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതുമാണ് കഥാ സന്ദർഭം. 2018-ൽ ബോക്സ് ഓഫീസിൽ വിജയം കൊയ്ത ’96’ ചിത്രം ഈ വർഷം ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയ്ക്ക് റീ-റിലീസ് ചെയ്തിരുന്നു. ഒരിക്കൽ കണ്ടവർ ഒന്നുകൂടി കാണാൻ ആഗ്രഹിക്കുന്ന ഈ ചിത്രം മനസിന് ഒരു നൊമ്പരം നൽകിയാണ് അവസാനിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിലെങ്കിലും സന്തോഷം നൽകികൊണ്ട് സിനിമ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.