Rajeev Parameshwar: ‘ഒരു പ്രശ്‌നം വന്നാല്‍ മൊത്തം സീരിയലുകളും മോശമാണെന്ന് പറയും; സെന്‍സറിങ് വേണമെങ്കില്‍ ചാനല്‍ ന്യൂസുകളിലും അത് ചെയ്യണം’
Rajeev Parameshwar on TV serials: എല്ലാത്തിനും പ്ലസും മൈനസുമുണ്ട്. സീരിയല്‍ കാണുന്നത് ഭയങ്കര മോശമാണെന്ന് പറഞ്ഞാല്‍, ഇവിടെ എല്ലാം സെന്‍സര്‍ ചെയ്യേണ്ടി വരും. അങ്ങനെയാണെങ്കില്‍ ചാനലിലെ ന്യൂസുകള്‍ വരെ സെന്‍സര്‍ ചെയ്യേണ്ടി വരുമെന്നും രാജീവ് പരമേശ്വര്‍

സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമോയെന്ന ചര്‍ച്ച വളരെ നാളുകളായി സമൂഹത്തിലുണ്ട്. സീരിയലുകള്‍ നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ടിവി സീരിയലുകളില്‍ സെന്‍സറിങ് നടത്തുന്നത് സര്‍ക്കാരും പരിഗണിച്ചിരുന്നു. സീരിയലുകള്‍ സെന്‍സര്‍ ചെയ്യുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട്. 20-30 എപ്പിസോഡുകളിലേക്ക് സീരിയലുകള്‍ ചുരുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേം കുമാറിന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍ രാജീവ് പരമേശ്വര്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സീരിയല്‍ നല്ലത് മാത്രമായി ഇട്ടാല്‍ ആരും കാണില്ലെന്ന് രാജീവ് പരമേശ്വര്‍ പറഞ്ഞു. നല്ലത് മാത്രം ചെയ്യുന്നത് കാണിക്കുന്ന സിനിമയാണെങ്കിലും അത് ഒരു ദിവസം പോലും ഓടില്ല. എല്ലാത്തിനും പ്ലസും മൈനസുമുണ്ട്. സീരിയല്‍ കാണുന്നത് ഭയങ്കര മോശമാണെന്ന് പറഞ്ഞാല്‍, ഇവിടെ എല്ലാം സെന്‍സര്‍ ചെയ്യേണ്ടി വരും. അങ്ങനെയാണെങ്കില്‍ ചാനലിലെ ന്യൂസുകള്‍ വരെ സെന്‍സര്‍ ചെയ്യേണ്ടി വരുമെന്നും താരം വ്യക്തമാക്കി.
സീരിയലില്‍ ചെറിയൊരു കണ്‍ട്രോളിങ് ആകാം. അത് എല്ലാത്തിനുമാകാം. സമൂഹത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ മാത്രമാണ് റിയാക്ട് ചെയ്യുന്നത്. ഒരു പ്രശ്‌നം വന്നാല്‍ അതിനെക്കുറിച്ച് വളരെ കുറച്ചു ദിവസം മാത്രമാകും ടോക്ക് ഷോ നടത്തുക. പിന്നെ അതിനെക്കുറിച്ച് ചിന്തിക്കില്ല. ഡ്രഗ്‌സായാലും, ഭക്ഷണത്തിന്റെ വിഷയമായാലും അത് പ്രശ്‌നമാകുമ്പോള്‍ വലിയ രീതിയില്‍ ഹൈലൈറ്റ് ചെയ്യും.




ഒരു മാസം കഴിഞ്ഞാല്‍ അതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഈ കേസിലും അങ്ങനെയാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ മൊത്തം സീരിയലുകളും മോശമാണെന്ന് പറയും. എത്രയോ മോശം സിനിമകളുണ്ട്. ഇഷ്ടമുണ്ടെങ്കില്‍ കാണുക. ഇഷ്ടമില്ലെങ്കില്‍ കാണണ്ട. അത്രയേ ഉള്ളൂ. റിമോട്ട് കയ്യിലാണല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കിഷ്‌കിന്ധാകാണ്ഡത്തിലേത് റിയല്‍ലൈഫ് സ്റ്റോറി
കിഷ്‌കിന്ധാകാണ്ഡത്തില്‍ ആസിഫ് അലി ചെയ്ത ക്യാരക്ടര്‍ റിയല്‍ ലൈഫില്‍ വളരെ കണക്ടഡാണ്. അതില്‍ വിജയരാഘവന്‍ ചെയ്ത ക്യാരക്ടറും തന്റെ അച്ഛനും തമ്മില്‍ ഭയങ്കര സാമ്യമാണുള്ളത്. അച്ഛന് ഭയങ്കരമായി മറവിയുണ്ടായിരുന്നു. നന്നായി ഫീല്‍ ചെയ്ത പടമാണ് അതെന്നും രാജീവ് വ്യക്തമാക്കി.