Rahul Easwar: ‘ഹണി റോസിനെതിരെ കേസ് കൊടുക്കും, അതിനായി ഏതറ്റം വരെയും പോകും; പുരുഷന്മാർക്കായി പുരുഷ കമ്മീഷൻ വേണം’; രാഹുൽ ഈശ്വർ
Rahul Easwar to File Case Against Honey Rose: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് നൽകിയ പരാതിയിലാണ് രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. നേരത്തെ നൽകിയ പരാതിക്ക് പുറമെ നടി വ്യാഴാഴ്ച പുതിയ പരാതി നൽകിയിരുന്നു.

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കുമെന്ന് അറിയിച്ച് രാഹുൽ ഈശ്വർ. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് അവർ അറിയണമെന്നും, കേസുമായി ഏതറ്റം വരെ പോകാനും താൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. കേസിൽ തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുൽ ഈശ്വർ കോഴിക്കോട്ട് വെച്ച് പറഞ്ഞു.
ഹണി റോസ് തനിക്കെതിരെ വീണ്ടും പരാതി നൽകിയിട്ടുണ്ടെന്നും, ചാനലിൽ ഇരുന്ന് താൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാരങ്ങളാകുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പുരുഷന്മാർക്കെതിരെ കേസെടുക്കുന്നത് പുരോഗമനമാണെന്ന് ചിലർ കരുതുന്നു. മാധ്യമങ്ങൾ പുരുഷന്മാരുടെ പ്രശ്നങ്ങളും കൊടുക്കാൻ തയ്യാറാകണം. പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പുരുഷ കമ്മീഷൻ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ വന്നത് വ്യാജ പോക്സോ കേസ് ആണെന്നും, കുടുംബ തർക്കമാണ് ഇതിന് പിന്നിലെ കാരണമെന്നും രാഹുൽ ആരോപിച്ചു. ഒരു പുരുഷന് താൻ നിരപരാധി ആണെന്ന് ധൈര്യപൂർവം പറയാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ALSO READ: എമ്പുരാനിൽ മമ്മൂട്ടിയുണ്ടോ? സിനിമാസ്വാദകർ കാത്തിരിക്കുന്ന അപ്ഡേറ്റുമായി പൃഥ്വിരാജ്
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് നൽകിയ പരാതിയിലാണ് രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. നേരത്തെ നൽകിയ പരാതിക്ക് പുറമെ നടി വ്യാഴാഴ്ച പുതിയ പരാതി നൽകിയിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുശം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഹണി റോസ് നേരത്തെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല.
ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുക്കുകയും, അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടിക്കെതിരെ രാഹുൽ ഈശ്വർ വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. ഇതോടെയാണ് തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന് പറഞ്ഞ് ഹണി റോസ് പോലീസിൽ പരാതി നൽകിയത്. അതിനിടെ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന പൂർത്തിയാക്കി വരിക ആണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
നടിയുടെ വസ്ത്രധാരണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ നടിയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും വസ്ത്രധാരണം സംബന്ധിച്ച് ഉപദേശം നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. തുടർന്ന്, ഇദ്ദേഹത്തിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിദേശിച്ചിരുന്നു. രണ്ടാഴ്ച മുൻപ് നോട്ടീസ് നൽകണം എന്നായിരുന്നു കോടതി നിർദേശം. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് വീണ്ടും പരാതി നൽകിയത്.