5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Easwar: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍

Rahul Easwar Response :താൻ ഒരു അഭിഭാഷകനാണെന്നും കേസ് താൻ സ്വയം വാദിക്കുമെന്നും രാഹുൽ പറഞ്ഞു. ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുല്‍ പറഞ്ഞു.

Rahul Easwar: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
Honey Rose , Rahul EaswarImage Credit source: facebook
sarika-kp
Sarika KP | Published: 11 Jan 2025 16:00 PM

കൊച്ചി: തനിക്കെതിരെ സൈബർ ഇടങ്ങളിൽ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ഒരു വാക്ക് കൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് രാഹുൽ പറഞ്ഞു. താൻ ഒരു അഭിഭാഷകനാണെന്നും കേസ് താൻ സ്വയം വാദിക്കുമെന്നും രാഹുൽ പറഞ്ഞു. ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുല്‍ ഈശ്വര്‍ മാതൃഭൂമി ന്യൂസിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.

തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിച്ചത്. രാഹുൽ ഈശ്വർ നടത്തിയ അനാവശ്യ പ്രചരണം സൈബർ ഇടങ്ങളിൽ ആളുകൾ തനിക്കെതിനെ തിരിയാൻ കാരണമായി എന്നും താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും താരം പറയുന്നു. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്.

Also Read: ‘മാപ്പർഹിക്കുന്നില്ല’; രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹണി റോസ്

ഹണി റോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
“രാഹുൽ ഈശ്വർ,

ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു. പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്.

ഇന്ത്യൻ ഭരണഘടന വസ്ത്രധാരണത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകൾ ഒന്നും തന്നെ ഇന്ത്യൻ പീനൽ കോഡിൽ ഇല്ല.

ഇങ്ങനെ ആണെന്നിരിക്കെ തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ളീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിൻ്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‌ഡ് ക്രൈമിൻ്റെ ഭാഗം ആണ്.

എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമൻ്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.

ഒരു സ്ത്രീയുടെ പൊതുവിടത്തിലെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടത്തുന്നത് സൈബർ ബുള്ളീയിംഗിൻറെ പരിധിയിൽ വരുന്നതാണ്. ഇത് ഇന്ത്യയിലെ വ്യത്യസ്ത നിയമങ്ങൾ അനുസരിച്ച് ശിക്ഷാർഹമായ കുറ്റവുമാണ്. ഇത്തരത്തിൽ ഒരു വ്യക്തിയോ ഒരു പിആർ ഏജൻസിയോ ബോധപൂർവ്വം നടത്തുന്ന സൈബർ ബുള്ളീയിംഗ് ഇന്ത്യയിൽ ഓർഗനൈസ്‍ഡ് ക്രൈമിൻറെ പരിധിയിൽ വരും. മാധ്യമങ്ങളെ ഉപയോഗിച്ച് ഒരാളുടെ വസ്ത്രധാരണത്തെ മുൻനിർത്തി അയാൾക്കെതിരെ സൈബർ ആക്രമണം സൃഷ്ടിക്കുന്നതും ഓർഗനൈസ്‍ഡ് ക്രൈമിന്റെ പരിധിയിൽ വരുന്ന ഒന്നാണ്. രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ല.

ഹണി റോസ് വർഗീസും കുടുംബവും”