Pushpa 2 Pirated Copy: റിലീസായിട്ട് മണിക്കൂറുകൾ മാത്രം; പുഷ്പ 2: ദ റൂളിന്റെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്
Pushpa 2: The Rule Pirated Copy: ചിത്രത്തിന്റെ വ്യാജ പതിപ്പ് ചോർന്നെങ്കിലും, 'പുഷ്പ 2: ദ റൂൾ' ഇതിനകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ആദ്യ ദിനം തന്നെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
അല്ലു അർജുൻ നായകനായ ബിഗ് ബജറ്റ് ചിത്രം ‘പുഷ്പ 2: ദ റൂൾ’ റിലീസായി ഏതാനും മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത്. തമിഴ് റോക്കേഴ്സ്, മൂവി റൂൾസ്, ഫിലിംസില, തമിഴ് യോഗി എന്നിവയുൾപ്പടെയുള്ള ടോറന്റ് പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രത്തിന്റെ വ്യാജൻ പ്രചരിക്കുന്നതായി കണ്ടെത്തിയത്. ഹൈ ക്വാളിറ്റി മുതൽ വിവിധ ഡൗൺലോഡ് ക്വാളിറ്റിയുള്ള വ്യാജനാണ് പുറത്തിറങ്ങിയത്. ബിസിനസ് ടുഡേ ആണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. സിനിമയുടെ അണിയറ പ്രവർത്തകർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ടെലിഗ്രാമിലൂടെയും ചിത്രത്തിന്റെ എച്ച്ഡി പതിപ്പുകൾ പ്രചരിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ. 1080p, 720p, 480p, 360p, 240p എന്നിങ്ങനെ എല്ലാ ക്വാളിറ്റികളിലും സിനിമയുടെ വ്യാജൻ നിലവിൽ ലഭ്യമാണ്. 500 കോടി രൂപ മുടക്കി നിർമിച്ച ചിത്രത്തിന്റെ കളക്ഷനെ ഇത് സാരമായി ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ ജനത്തിരക്കാണ് തീയേറ്ററിന് മുന്നിൽ ഉള്ളത്. എന്നാൽ, വ്യാജൻ പുറത്തിറങ്ങിയത് ജനങ്ങളെ സിനിമ തീയറ്ററിൽ പോയി കാണുന്നതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുമോ എന്നതാണ് പ്രധാന ആശങ്ക. അതുകൊണ്ട് തന്നെ, എത്രയും പെട്ടെന്ന് സൈറ്റിൽ നിന്നും ഈ പതിപ്പുകൾ നീക്കം ചെയ്യാൻ ആയിരിക്കും അണിയറ പ്രവർത്തകരുടെ ശ്രമം.
ഇത്തരത്തിൽ പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത് പതിവ് കാഴ്ച ആയിരിക്കുകയാണ്. മലയാളത്തിൽ ‘അജയന്റെ രണ്ടാം മോഷണം’ റിലീസായി മണിക്കൂറുകൾക്കകം തന്നെ വ്യജൻ പുറത്തിങ്ങി. പിന്നീട് ഇത് പ്രചരിപ്പിച്ചവരെ പിടികൂടുകയും ചെയ്തിരുന്നു. അതുപോലെ തമിഴിലെ ബിഗ് ബജറ്റ് ചിത്രമായ ‘കങ്കുവ’ പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കും തന്നെ വ്യാജ പതിപ്പും പുറത്തെത്തിയിരുന്നു. ആന്റി പൈറസി നിയമങ്ങൾ ശക്തമാണെങ്കിലും ഇത്തരത്തിൽ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് പൂർണമായും തടയാൻ സാധിച്ചിട്ടില്ല.
അതേസമയം, ചിത്രത്തിന്റെ വ്യാജ പതിപ്പ് ചോർന്നെങ്കിലും, ‘പുഷ്പ 2: ദ റൂൾ’ ഇതിനകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ആദ്യ ദിനം തന്നെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചിത്രം ഇതിനകം ഇന്ത്യയിൽ നിന്ന് മാത്രം 32.53 കോടി കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. ഈ ചിത്രം ‘ജവാന്റെ’യും ‘അനിമലി’ന്റെയും ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഷാരൂഖ് ഖാൻ നായകനായ ജവാൻ ആദ്യ ദിവസം നേടിയത് 65.50 കോടി രൂപയും, രൺബീർ കപൂറിന്റെ അനിമൽ നേടിയത് 54.75 കോടി രൂപയുമാണ്.
കൂടാതെ, പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഹെെദരാബാദ് സന്ധ്യ തീയറ്ററിലുണ്ടായ തിക്കിനും തിരക്കിനും ഇടയിൽപ്പെട്ടാണ് ഹെെദരാബാദ് സ്വദേശിനിയായ യുവതി മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രത്തിന്റെ പ്രിമീയർ ഷോ കാണാൻ തീയറ്ററിൽ നടൻ അല്ലു അർജുനും സംവിധായകൻ സുകുമാറും എത്തിയിരുന്നു. ഇതോടെ, ആരാധകരുടെ ആവേശം അതിരുകടന്നു. തുടർന്ന്, ഇത് നിയന്ത്രിക്കാനായി പോലീസ് ലാത്തി വീശിയതോടെ സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു.