Pushpa 2 box office: ബോക്‌സോഫീസ് തകര്‍ക്കാന്‍ പുഷ്പ 2; അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് കോടികള്‍
Pushpa 2 Advance Booking Collection: ബാഹുബലി 2, കെജിഎഫ് ചാപ്റ്റർ 2, പത്താൻ തുടങ്ങിയ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് റെക്കോർഡുകൾ തകർക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍. അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനുകളില്‍ വരെ ചിത്രം മികച്ച നേട്ടങ്ങളുണ്ടാക്കി. ചിത്രത്തിന്റെ മികച്ച പ്രീ-റിലീസ് കളക്ഷന്‍ ചിത്രത്തിന്റെ ജനപ്രീതി സൂചിപ്പിക്കുന്നു. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ ആദ്യ ദിവസം 30 കോടി രൂപയിൽ എത്തിയെന്ന് ഫിലിം ട്രേഡ് ട്രാക്കർ സാക്നിൽക് വ്യക്തമാക്കുന്നു.
ബാഹുബലി 2, കെജിഎഫ് ചാപ്റ്റർ 2, പത്താൻ തുടങ്ങിയ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് റെക്കോർഡുകൾ തകർക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് 2-ഡി പ്രദര്‍ശനങ്ങള്‍ക്കുള്ള പരമാവധി ടിക്കറ്റുകളും വിറ്റതായി ഡിസംബർ 2 ന് രാവിലെ 10 മണി വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 10,65,25,250 രൂപയാണ് ഇതിലൂടെ നേടിയത്.
2,774 ഷോകളോടെ ഇതുവരെ 2,77,542 ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 ൻ്റെ ഹിന്ദി കളക്ഷൻ 2 ഡി, 3ഡി പ്രദര്‍ശനങ്ങളില്‍ യഥാക്രമം 7 കോടി രൂപയും (7,61,23,954) 2.5 കോടി രൂപയും (2,54,31,819) നേടി. മലയാളം പതിപ്പിന് (2ഡി സ്‌ക്രീനിംഗ്) 46.69 ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, കന്നഡ കളക്ഷനുകളും കൂടി കണക്കിലെടുക്കുമ്പോള്‍ അഡ്വാന്‍സ് ബുക്കിംഗ് 31.57 കോടി രൂപയിലെത്തി (ബ്ലോക്ക് ടിക്കറ്റുകള്‍ ഉള്‍പ്പെടെ). ഐമാക്‌സ് 2ഡി, 3ഡി ഫോര്‍മാറ്റിലും വന്‍ വില്‍പനയാണ് രേഖപ്പെടുത്തിയത്.
2017ൽ 6.5 ലക്ഷം ടിക്കറ്റുകൾ വിറ്റ് റെക്കോർഡ് സൃഷ്ടിച്ച ബാഹുബലി 2 പോലുള്ള മെഗാ ബ്ലോക്ക്ബസ്റ്ററുകളുമായാണ് പുഷ്പ 2നെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സിംഗിൾ സ്‌ക്രീനുകൾ റിലീസിന് മുന്നോടിയായി ടിക്കറ്റ് ബുക്കിംഗിൽ കുത്തനെ കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഓവര്‍സീസ് കളക്ഷനില്‍ യുഎസ്എയില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിച്ചത് 70 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിന ഗ്രോസ് 303 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം 233 കോടിയാണ് പ്രതീക്ഷിക്കുന്നത്.
2021 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദ റൈസിൻ്റെ രണ്ടാം ഭാഗമാണ് പുഷ്പ 2: ദ റൂള്‍. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്യും. അല്ലു അര്‍ജുന്‍ പുഷ്പ രാജായും, രശ്മിക മന്ദാന ശ്രീവല്ലിയായും, ഫഹദ് ഫാസില്‍ പൊലീസ് ഓഫീസര്‍ ഷെഖാവത്തായും വേഷമിടുന്നു. പുഷ്പ 1 പോലെ ചിത്രം തകര്‍പ്പന്‍ വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) നിന്ന് യു/എ സർട്ടിഫിക്കറ്റ് ചിത്രത്തിന് കഴിഞ്ഞ ആഴ്ച കിട്ടിയിരുന്നു. ട്രെയിലർ നവംബർ 17 ന് പട്‌നയിലെ ഗാന്ധി മൈതാനിയിലാണ് ആദ്യം പുറത്തുവിട്ടത്.