Pushpa 2: ‘പുഷ്പ 2 കണ്ട് വിദ്യാർത്ഥികൾ അശ്ലീലം സംസാരിക്കുന്നു’; സ്കൂളിലെ പകുതി കുട്ടികളും മോശമായെന്ന് അധ്യാപിക
Pushpa 2 Spoiling Students Says Teacher: പുഷ്പ 2 എന്ന സിനിമ വിദ്യാർത്ഥികളെ മോശമായി സ്വാധീനിക്കുന്നു എന്ന് ഹൈദരാബാദ് സർക്കാർ സ്കൂളിലെ അധ്യാപിക. സിനിമ കണ്ട് കുട്ടികൾ അശ്ലീലം സംസാരിക്കുകയാണെന്നും സ്വകാര്യ സ്കൂളുകളിലെയും അവസ്ഥ ഇതാണെന്നും അധ്യാപിക കുറ്റപ്പെടുത്തി.

അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന സിനിമ കണ്ട് വിദ്യാർത്ഥികൾ അശ്ലീലം സംസാരിക്കുന്നു എന്ന ആരോപണവുമായി ഹൈദാബാദ് സർക്കാർ സ്കൂളിലെ അധ്യാപിക. പുഷ്പ 2 കുട്ടികളെ മോശമായി ബാധിക്കുകയാണെന്നും സർക്കാർ സ്കൂളുകളിലെ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലെയും സ്ഥിതി ഇതാണെന്നും അധ്യാപിക കുറ്റപ്പെടുത്തി. സുകുമാറിൻ്റെ സംവിധാനത്തിൽ അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന എന്നിവരാണ് പുഷ്പ 2വിൽ അഭിനയിച്ചത്. 2021ൽ പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2.
സിനിമ കണ്ട് വിദ്യാർത്ഥികൾ അശ്രദ്ധമായി പെരുമാറുകയാണെന്ന് അധ്യാപിക പറയുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത് കാണുമ്പോൾ സ്കൂൾ അഡ്മിനിസ്ട്രേറ്ററെന്ന നിലയിൽ താൻ പരാജയപ്പെട്ടതായി തോന്നുകയാണ്. അസഹനീയമായ ഹെയർസ്റ്റൈലുകളുമായി അവർ സ്കൂളിലെത്തുന്നു. അശ്ലീലമായി അവർ സംസാരിക്കുന്നു. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇത് തന്നെയാണ് സ്ഥിതി. അധ്യാപികയെന്ന നിലയിൽ വിദ്യാർത്ഥികളെ ശിക്ഷിക്കാൻ തനിക്ക് തോന്നാറില്ല. അതവരെ സമ്മർദ്ദത്തിലാക്കും. വിദ്യാർത്ഥികളുടെ ഈ പെരുമാറ്റത്തിന് കാരണം സമൂഹമാധ്യമങ്ങളും സിനിമയുമാണ്. ഇക്കാര്യങ്ങളൊക്കെ സംസാരിക്കാൻ മാതാപിഥാക്കളെ വിളിക്കുമ്പോൾ അവർക്കതിൽ താത്പര്യമില്ല. ഇതിനെയൊക്കെ താൻ കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെയാണ്. തൻ്റെ സ്കൂളിലെ പകുതി കുട്ടികളും പുഷ്പ കണ്ട് മോശമായി. വിദ്യാർത്ഥികളെ മോശമായി ബാധിക്കുമെന്ന ചിന്തയില്ലാതെയാണ് സിനിമയ്ക്ക് സർഫിക്കേഷൻ നൽകിയത് എന്നും അധ്യാപിക കുറ്റപ്പെടുത്തുന്നു.
Also Read: Empuraan Movie: എന്റെ മോനേ! ഇതാണോടേ ചെറിയ പടം; എമ്പുരാനിൽ ആൻഡ്രിയ തിവദാറും




പുഷ്പ 2 ദി റൂൾ എന്ന പേരിലാണ് സിനിമ പുറത്തിറങ്ങിയത്. അല്ലു അർജുൻ നായകനായ സിനിമയിൽ എസ്പി ഭൻവർ സിംഗ് ഷഖാവത് എന്ന പോലീസ് ഓഫീസർ റോളിൽ വില്ലനായാണ് ഫഹദ് ഫാസിൽ വേഷമിട്ടത്. ഇവർക്കൊപ്പം ജഗപതി ബാബു, സുനിൽ തുടങ്ങിയവരും സിനിമയിൽ വേഷമിട്ടു. 2021ൽ പുറത്തിറങ്ങിയ പുഷ്പ ദി റൈസ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. മിറോസ്ലാവ് കുബ ബ്രോസെക് ക്യാമറ കൈകാര്യം ചെയ്തപ്പോൾ നവീൻ നൂലിയായിരുന്നു സിനിമയുടെ എഡിറ്റ് നിർവഹിച്ചത്. ദേവിശ്രീ പ്രസാദ് ഒരുക്കിയ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടു. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്ന കമ്പനികൾ ചേർന്നാണ് സിനിമ നിർമ്മിച്ചത്. 2024 ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയ സിനിമ ബോക്സോഫീസിൽ നിന്ന് ഏറെ നേട്ടമുണ്ടാക്കിയിരുന്നു. സിനിമയ്ക്ക് ഇനിയൊരു മൂന്നാം ഭാഗം കൂടിയുണ്ടെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.