Pushpa 2: സാരിയിൽ പുഷ്പ-ശ്രീവല്ലി എംബ്രോയ്ഡറി; സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി രശ്‌മികയുടെ പുതിയ പോസ്റ്റ്
Pushpa 2 Rashmika Mandanna Viral Saree: ഹൈദരാബാദിൽ വെച്ച് നടന്ന 'പുഷ്പ 2: ദ റൂൾ' ഗ്രാൻഡ് പ്രീ-റിലീസ് ഇവന്റിൽ രശ്‌മിക ധരിച്ച സാരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.
സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂൾ’. ചിത്രം പ്രദർശനത്തിനെത്താൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ട്രെൻഡിങ്ങായിരിക്കുകയാണ് സിനിമയിലെ നായിക രശ്‌മിക മന്ദനയുടെ പുതിയ ഫോട്ടോസ്. പുഷ്പ, ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത പർപ്പിൾ നിറത്തിലുള്ള സാരിയിൽ സുന്ദരിയായി നിൽക്കുന്ന നടിയുടെ ചിത്രങ്ങളിലാണ് ഇപ്പോൾ തരംഗം. ഹൈദരാബാദിൽ വെച്ച് നടന്ന ഗ്രാൻഡ് പ്രീ-റിലീസ് ഇവന്റിൽ ആയിരുന്നു ഈ സാരി ധരിച്ച് താരം എത്തിയത്.
രശ്‌മിക തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഫോട്ടോസ് ആരാധകരുമായി പങ്കുവെച്ചത്. അതിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ശ്രീവല്ലി 2.0 കാണാൻ കാത്തിരിക്കുകയാണ്’, ‘ക്യൂടെസ്റ്റ് ശ്രീവല്ലി’, ‘ബ്ലൂ ലൈറ്റ്’, ‘അതീവ സുന്ദരി’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
അതേസമയം, പുഷ്പ 2-വിന്റെ റീലിസിന് മൂന്ന് ദിവസം മുൻപായി ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സരരാപു ശ്രീശൈലം എന്ന വ്യക്തി തെലങ്കാന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ചന്ദനക്കടത്തും അക്രമവും മഹത്വവൽക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് ഹർജി. എന്നാൽ, വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരനെ കോടതി രൂക്ഷമായി വിമർശിച്ചു. ടീസറിനെ മാത്രം ആശ്രയിച്ചാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും, ആരോപണങ്ങൾ തെളിയിക്കാൻ ഈ തെളിവുകൾ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹർജിക്കാരന് പിഴ ചുമത്തുകയും ചെയ്തു.
ALSO READ: പുഷ്പ 2 വിന് വേണ്ടി രശ്മിക മന്ദാന വാങ്ങിയ പ്രതിഫലം അറിയാമോ?
ലോകം മുഴുവനുമായി ഏകദേശം പന്ത്രണ്ടായിരത്തിലധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ആറ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമത്തിൽ നിന്നും മറ്റും ലഭിച്ചത്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്ന ‘ആര്യ’, ‘ആര്യ 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സുകുമാറും വീണ്ടുമൊന്നിച്ച സിനിമയാണ് ‘പുഷ്പ ദി റൈസ്’. ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. എന്നാൽ, ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന’പുഷ്പ 2: ദ റൂൾ’ അതിലും വലിയ വിജയമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന എന്നിവർക്ക് പുറമെ ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, സിനിമയുടെ റൺ ടൈം സംബന്ധിച്ച അപ്‌ഡേറ്റുകളും പുറത്ത് വന്നിരുന്നു. മൂന്ന് മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഖ്യം എന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാകും ഇത്. ചിത്രത്തിന്റെ പ്രീ-ബുക്കിംഗ് നവംബർ 30-ന് ആരംഭിച്ചു.