Pushpa 2 Stampede : പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി നിർമാതാക്കൾ
Pushpa 2 makers give financial aid to victims family : മരിച്ച സ്ത്രീയുടെ എട്ട് വയസ്സുള്ള മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി നിർമ്മാതാവ് നവീൻ യെർനേനിയാണ് കുടുംബത്തിന് ചെക്ക് കൈമാറിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് കുടുംബത്തെ സഹായിക്കുന്നതിനാണ് യുവതിയുടെ ഭര്‍ത്താവിന് ധനസഹായം നല്‍കിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച മരിച്ച യുവതിയുടെ കുടുംബത്തിന് സിനിമയുടെ നിര്‍മാതാക്കള്‍ ധനസഹായം കൈമാറി. 50 ലക്ഷം രൂപയാണ് ധനസഹായം നല്‍കിയത്. മരിച്ച സ്ത്രീയുടെ എട്ട് വയസ്സുള്ള മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി നിർമ്മാതാവ് നവീൻ യെർനേനിയാണ് കുടുംബത്തിന് ചെക്ക് കൈമാറിയത്.
യുവതിയുടെ മരണത്തിലുള്ള ദുഃഖം അദ്ദേഹം പങ്കുവച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് കുടുംബത്തെ സഹായിക്കുന്നതിനാണ് യുവതിയുടെ ഭര്‍ത്താവിന് ധനസഹായം നല്‍കിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജിന് പരിക്കേറ്റിരുന്നു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാന്‍ ആരാധകരുടെ ഉന്തും തള്ളുമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
സംഭവത്തെ തുടര്‍ന്ന് മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കിയില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിസംബർ 16 ന് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അല്ലു അർജുനും പ്രഖ്യാപിച്ചിരുന്നു.
തിയേറ്ററിലുണ്ടായ അപകടത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ സി.വി. ആനന്ദ് ഞായറാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. അർദ്ധരാത്രി വരെ അല്ലു അർജുൻ തിയേറ്ററിൽ തങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബർ 4-ന് അല്ലു അർജുൻ സന്ധ്യ തീയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയർ ഷോയിൽ പങ്കെടുക്കുകയായിരുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആരോപിച്ചിരുന്നു. തെറ്റായ വിവരങ്ങൾ ആണ് പ്രചരിക്കുന്നതെന്നും, തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നുമായിരുന്നു ആരോപണങ്ങളോടുള്ള നടന്റെ പ്രതികരണം.
അതിനിടെ, അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണമുണ്ടായി. ഒരു സംഘം യുവാക്കള്‍ വീടിനകത്ത് കയറി ചെടിച്ചട്ടിയടക്കമുള്ളവ തകര്‍ത്തു. സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ അറസ്റ്റിലായിരുന്നു. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആരോപണം.
Read Also : യുവതി മരിച്ച വിവരം അറിഞ്ഞിട്ടും സിനിമ കാണൽ തുടർന്നു; അല്ലു അർജുനെതിരെ പോലീസ്
അതേസമയം, ഡിസംബര്‍ നാലിനുണ്ടായ സംഭവത്തില്‍ അല്ലു അർജുനെ കുറ്റപ്പെടുത്തുന്നില്ലെന്നും കേസ് പിൻവലിക്കാൻ തയ്യാറാണെന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് ഭാസ്‌കര്‍ പറഞ്ഞു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടന്‍ സഹായിക്കുന്നുണ്ടെന്നും ഭാസ്‌കര്‍ പറഞ്ഞു.
മകന്‍ ഇടയ്ക്കിടെ കണ്ണുകൾ തുറക്കുന്നുണ്ട്. പക്ഷേ ആരെയും തിരിച്ചറിയുന്നില്ല. ചികിത്സ എത്രനാൾ വേണ്ടിവരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ മരണത്തെക്കുറിച്ച് മകളോട് പറഞ്ഞിട്ടില്ലെന്നും ഭാസ്‌കര്‍ വ്യക്തമാക്കി. അമ്മ ഗ്രാമത്തിലേക്ക് പോയെന്നാണ് മകളോട് പറഞ്ഞതെന്നും, എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് അറിയില്ലെന്നും ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.