Raid At Pushpa Movie Makers Office: പുഷ്പയിൽ വീണ്ടും കോളിളക്കം; വൻകിട നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഐടി റെയിഡ്
Pushpa 2 Movie Makers Faces IT Raid: ജൂബിലി ഹിൽസിലും ബഞ്ചാര ഹിൽസിലുമുള്ള വസതികളിലും റെയ്ഡ് നടക്കുന്നുതായാണ് റിപ്പോർട്ട്. ഇൻകം ടാക്സിൻ്റെ 65 സംഘങ്ങളാണ് ഒരേസമയം എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്. ദിൽ രാജുവിന്റെ കുടുംബാംഗങ്ങളുടെ വീടുകൾ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിൻ്റെ (Pushpa 2 Movie) നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയിഡ്. ചൊവ്വാഴ്ച (ഇന്ന്) പുലർച്ചെ മുതലാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ഐടി ഡിപ്പാർട്ട്മെൻറിൻറെ വിവിധ ടീമുകൾ പരിശോധന ആരംഭിച്ചത്. പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവിമേക്കേർസ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.
ഇവരുടെ ജൂബിലി ഹിൽസിലും ബഞ്ചാര ഹിൽസിലുമുള്ള വസതികളിലും റെയ്ഡ് നടക്കുന്നുതായാണ് റിപ്പോർട്ട്. ഇൻകം ടാക്സിൻ്റെ 65 സംഘങ്ങളാണ് ഒരേസമയം എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്. ദിൽ രാജുവിന്റെ കുടുംബാംഗങ്ങളുടെ വീടുകൾ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പുഷ്പ 2 പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലുമായി 1800 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയിരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതുപോലെ രാം ചരൺ നായകനായി ഷങ്കർ സംവിധാനം ചെയ്ത ചിത്രം ഗെയിം ചേഞ്ചർ 400 കോടിയോളം ബജറ്റിലാണ് ഒരുക്കിയിരുന്നത്. ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും, തെലുങ്ക് സംസ്ഥാനങ്ങളിൽ ദിൽ രാജുവിൻറെ മറ്റൊരു ചിത്രം സംക്രാന്തി വസ്തുന്നം വൻ ഹിറ്റാണ്. തെലുങ്ക് തമിഴ് സിനിമ മേഖലകളിൽ വമ്പൻ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്ന രണ്ട് പ്രൊഡക്ഷൻ ഹൗസുകളാണ് യർനേനി നാനിയുടെ മൈത്രി മൂവിമേക്കേർസും, ദിൽ രാജുവിൻറെ എസ്വി ക്രിയേഷൻസും.
തെലങ്കാന ഫിലിം ഫെഡറേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർമാൻ കൂടിയായ ദിൽ രാജുവിന് പുറമേ, മറ്റ് ചലച്ചിത്ര നിർമ്മാതാക്കളുമായും അവരുടെ കൂട്ടാളികളുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡുകൾ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെളംകുച്ച വെങ്കട രമണ റെഡ്ഡി എന്നറിയപ്പെടുന്ന ദിൽ രാജു തെലുങ്ക് ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന വ്യക്തിയാണ്. പ്രശസ്ത നിർമ്മാണ സ്ഥാപനമായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ഗെയിം ചേഞ്ചർ ചിത്രത്തിൻ്റെ കളക്ഷൻ വിവരം പെരുപ്പിച്ച് കാണിച്ചു എന്ന പേരിൽ ദിൽ രാജു ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ആദ്യ ദിനം 80 കോടിക്ക് അടുത്താണ് ചിത്രം കളക്ഷൻ നേടിയതെങ്കിലും 180 കോടി നേടിയെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെട്ടത്. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. തെലങ്കാന ചലച്ചിത്ര വികസന കോർപ്പറേഷൻ അദ്ധ്യക്ഷൻ കൂടിയാണ് ദിൽ രാജു.