Pushpa 2: ഇനി ബോക്സ് ഓഫീസ് പുഷ്പ ഭരിക്കും; ആദ്യദിന കളക്ഷൻ പുറത്ത്, 1000 കോടി മറികടക്കുമോ?
Pushpa 2 Box Office Collection: അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നീ വമ്പൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭൻവാർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ അന്യഭാഷാ സിനിമാ പ്രേമികളുടെ കയ്യടിയും നേടി.
ഹെെദരാബാദ്: മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പാ 2 തീയറ്ററുകളിലേക്ക് എത്തിയത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലുഅർജുൻ, ഫഹദ് ഫാസിൽ എന്നിവയുടെ അഴിഞ്ഞാട്ടമാണെന്നാണ് ആരാധകർ പറയുന്നത്. സമീപ കാലത്ത് വമ്പൻ ഹെെപ്പിൽ ഇറങ്ങിയ സിനിമകളും ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും പുഷ്പ 2 ദ റൂൾ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയെന്നാണ് റിപ്പോർട്ട്.
പുഷ്പ 1-നെക്കാൾ വലിയ ബോക്സ് ഓഫീസ് വിജയമാണ് പുഷ്പ 2 ദ റൂൾ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 100 കോടി കളക്ഷൻ ക്ലബ്ബിലേക്ക് പുഷ്പ 2 എത്തിയിരുന്നു. പ്രീമിയർ ഷോകളിലൂടെ 10 കോടിയും ചിത്രം വരുമാനം നേടി. റീലിസ് ചെയ്ത ഡിസംബർ 5-ന് 165 കോടി രൂപ കളക്ഷനും നേടിയെന്നാണ് വിവരം. ഇന്ത്യൻ ബോക്സ് ഓഫീസിലെ ആദ്യ ദിനത്തിലെ കണക്കുകൾ പ്രകാരം 175 കോടിയാണ് പുഷ്പ 2 നേടിയിരിക്കുന്നത്. വേൾഡ് വെെഡ് റിലീസിലൂടെയും ചിത്രം ആദ്യദിനം 100 കോടി നേടിയെന്നാണ് വിവരം. എങ്കിൽ ആദ്യ ദിവസം പുഷ്പ 2 250 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയെന്നാണ് വിവരം.
READ ALSO: ‘സൈബറിടത്താകെ ഫഫ ഷോ; പുഷ്പരാജ് കസറി’; ആദ്യ ഷോയിൽ മികച്ച പ്രതികരണം
എസ്.എസ് രാജമൗലി 2022ൽ സംവിധാനം ചെയ്ത ആർആർആർ ആദ്യ ദിനത്തിൽ 133 കോടി രൂപയാണ് കളക്ഷൻ നേടിയത്. ബാഹുബലി 121 കോടി, കെ.ജി.എഫ്. 116 കോടി രൂപ എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡാണ് പുഷ്പ 2 മറികടന്നത്. ലോകത്ത് ആകമാനമുള്ള 12,000 സ്ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. കേരളത്തിൽ 500 സ്ക്രീനുകളിലാണ് അല്ലു അർജുൻ – രശ്മിക മന്ഥാന ചിത്രം റിലീസ് ചെയ്തത്. ഹൈദരാബാദിൽ 1549 ഷോകളും കർണാടകയിൽ 1072 ഷോകളും ചെന്നൈയിൽ 244 ഷോകളുമാണ് പുഷ്പാ 2- വിന് ഉള്ളത്.
ALSO READ: റിലീസായിട്ട് മണിക്കൂറുകൾ മാത്രം; പുഷ്പ 2: ദ റൂളിന്റെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്
അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തെലുങ്കിലാണ് പുഷ്പ 2 ആദ്യ ദിനം മികച്ച കളക്ഷൻ നേടിയത്. 95.1 കോടി രൂപയാണ് തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്ന് സിനിമക്കുണ്ടായ നേട്ടം. ഹിന്ദി (67 കോടി), തമിഴ് (7 കോടി), മലയാളം (5 കോടി), കന്നഡ (1 കോടി) എന്നിങ്ങനെയാണ് ആദ്യദിനത്തിലെ കളക്ഷൻ. വരും ദിവസങ്ങളിൽ പുഷ്പ 2വിന്റെ കളക്ഷൻ റെക്കോർഡുകൾ 300 കോടി കടക്കുമെന്നാണ് തോന്നുന്നത്. ഹിന്ദിയിൽ പുഷ്പ 2 വൻ ഹിറ്റായി മാറി എന്നതിന്റെ തെളിവാണ് ആദ്യ ദിനത്തിലെ 67 കോടിയുടെ കളക്ഷൻ. 65.5 കോടി നേടിയ ജവാനായിരുന്നു ഹിന്ദിയിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡിൽ മുന്നിൽ. 67 കോടി രൂപ നേടി ജവാന്റെ ആദ്യ ദിന റെക്കോർഡ് പുഷ്പ 2 മറികടന്നു.
അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നീ വമ്പൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭൻവാർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ അന്യഭാഷാ സിനിമാ പ്രേമികളുടെ കയ്യടിയും നേടി. സുകുമാർ സംവിധാനം ചെയ്ത പുഷ്പ 1 ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടി.