Pushpa 2 Box Office: പുഷ്പയ്ക്ക് മുമ്പിൽ ജവാനും ജോസേട്ടായിയും വീണു; ഇനി ബോക്സ്ഓഫീസ് പുഷ്പയുടെ കൺട്രോളിൽ
Pushpa 2 Box Office Collection: പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്റെ റിപ്പോർട്ട് പ്രകാരം പുഷ്പ നോർത്ത് ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 72 കോടിയാണ്. ഇന്നേവരെ ഒരു ഹിന്ദി സിനിമയും നേടാത്ത ആദ്യദിന സർവ്വകാല റെക്കോർഡ് ആണ് പുഷ്പ സ്വന്തമാക്കിയത്.
ഹെെദരാബാദ്: സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായെത്തിയ പാൻ ഇന്ത്യ ചിത്രം ‘പുഷ്പ 2: ദി റൂൾ’ ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെക്കുന്നത്. റീലിസിന് മുന്നേ തന്നെ പ്രീ സെയിൽ ബിസിനസിൽ നിന്നും മാത്രം വമ്പൻ തുക കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസായി ഒരു ദിവസം പിന്നിടുമ്പോൾ, വിവിധ ഭാഷകളിലെ പല വമ്പൻ ചിത്രങ്ങളുടെയും റെക്കോർഡ് തകർത്തുകൊണ്ട് മുന്നേറുകയാണ് പുഷ്പ 2. ഈ വർഷം വമ്പൻ ഹൈപ്പിൽ ഇറങ്ങിയ പല പടങ്ങളും വലിയ പരാജയം നേരിട്ടപ്പോൾ, ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഈ ചിത്രം എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുഷ്പ 1-നേക്കാളും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ പുഷ്പ 2 ദ റൂൾ, ബോളിവുഡിലെ പല മുൻനിര സൂപ്പർതാരങ്ങളുടെ സിനിമകളെയും മറികടന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ബോക്സ്ഓഫീസിൽ മിന്നും വിജയം കാഴ്ചവെച്ച പല സിനിമകളെയും മറികടന്ന്, ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് പുഷ്പ 2. സൗത്തിൽ മാത്രമല്ല പുഷ്പയുടെ വിളയാട്ടം നോർത്തിലും കത്തിക്കയറുകയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്റെ റിപ്പോർട്ട് പ്രകാരം പുഷ്പ നോർത്ത് ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 72 കോടിയാണ്. ഇന്നേവരെ ഒരു ഹിന്ദി സിനിമയും നേടാത്ത ആദ്യദിന സർവ്വകാല റെക്കോർഡ് ആണ് പുഷ്പ സ്വന്തമാക്കിയത്. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ‘ജവാൻ’ ആയിരുന്നു ഓപ്പണിങ് കളക്ഷനിൽ മുന്നിൽ ഉണ്ടായിരുന്ന ഹിന്ദി ചിത്രം. എന്നാൽ പുഷ്പ ഇതും മറികടന്നു. ജവാന്റെ ആദ്യ ദിന കളക്‌ഷൻ 65.50 കോടിയാണ്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് 55.40 കോടിയുമായി ‘സ്ത്രീ 2’ ആണ് ഉണ്ടായിരുന്നത്. ഷാരൂഖിന്റെ ‘പത്താൻ’, രൺബീർ കപൂറിന്റെ ‘അനിമൽ’ എന്നീ ചിത്രങ്ങളാണ് പട്ടികയിൽ അടുത്തടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. ചിത്രത്തിന്റെ പ്രിവ്യു കളക്‌ഷൻ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.
ALSO READ: റിലീസായിട്ട് മണിക്കൂറുകൾ മാത്രം; പുഷ്പ 2: ദ റൂളിന്റെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്
അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം 100 കോടി കളക്ഷൻ നേടിയിരുന്നു. കൂടാതെ, പ്രീമിയർ ഷോകളിലൂടെ 10 കോടിയും നേടി. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആകെ കളക്‌ഷൻ 175.1 കോടിയാണ്. വേൾഡ് വൈഡ് റിലീസിലൂടെ നേടിയ 100 കോടി കൂടി ചേർത്താൽ, ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 250 കോടി രൂപയുടെ കളക്ഷൻ ആണ്. കേരളത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം, ഇവിടെ നിന്ന് മാത്രം 6.35 കോടിയാണ് നേടിയത്.
2022ൽ എഎസ് രാജമൗലിയുടെ സംവിധാനത്തിൽ റാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ‘ആർആർആർ’ ആദ്യ ദിനത്തിൽ 133 കോടി രൂപ കളക്ഷൻ നേടിയിരുന്നു. തൊട്ടു പിന്നാലെ 121 കോടി കളക്‌ഷനുമായി ‘ബാഹുബലി’യും, 116 കോടി കളക്ഷനോടെ ‘കെ.ജി.എഫും’ ഉണ്ട്. ഈ റെക്കോർഡുകളാണ് ഇപ്പോൾ പുഷ്പ 2 മറികടന്നത്. ലോകമെമ്പാടുമായി 12,000 സ്ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്.
അല്ലു അർജുൻ നായകനായെത്തിയ ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരന്നത്. സുകുമാർ ബന്ദ്റെഡ്ഡി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്.