5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: സിനിമയിൽ തുല്യ വേതനം പറ്റില്ല; സ്ത്രീകൾക്ക് സംവരണം നടപ്പാക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന

Hema Committee Report: പുരുഷന്മാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൾ മലയാള സിനിമയിലുണ്ട്. കഥയിലും കഥാപാത്രത്തിലും സംവരണം വേണ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ പരിഹാസ്യമാണ്.

Hema Committee Report: സിനിമയിൽ തുല്യ വേതനം പറ്റില്ല; സ്ത്രീകൾക്ക് സംവരണം നടപ്പാക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന
Image Credit: Asif Basheer
athira-ajithkumar
Athira CA | Published: 06 Sep 2024 16:57 PM

തിരുവനന്തപുരം: സിനിമാ മേഖലയിൽ തുല്യവേതനമെന്നത് അസാധ്യമാണെന്ന് നിർമ്മാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചതിന് ശേഷമാണ് കത്ത് നൽകിയതെന്നും സംഘടന പറയുന്നു. സിനിമയിലെ തുല്യവേതനമെന്നത് ബാലിശമായ വാദമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.

ആദ്യമായാണ് സിനിമാ മേഖലയുമായി ബന്ധമുള്ള ഒരു സംഘടന റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ പ്രായോ​ഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനം നടപ്പാക്കാൻ കഴിയില്ല. വിപണി മൂല്യവും മികവും കണക്കാക്കി നിർമ്മാതാക്കളാണ് പ്രതിഫലം നിശ്ചയിക്കുക. പുരുഷന്മാരേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്ത്രീകളും മലയാള സിനിമയിൽ ഉണ്ടെന്നും നിർമ്മാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. കഥയിലും കഥാപാത്രത്തിലും സംവരണം വേണമെന്ന കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ പരിഹാസ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

നിർദേശങ്ങൾക്ക് പുറമെ ഹേമ കമ്മിറ്റിയെ വിമർശിക്കുന്നുമുണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമാ മേഖലയിൽ സജീവ സാന്നിധ്യമുള്ള ആരെയെങ്കിലും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ ഫലപ്രദമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിറക്കാമായിരുന്നെന്നാണ് വിമർശനം. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ തുല്യവേതനമെന്ന ആശയത്തെ നിർമാതാക്കളുടെ സംഘടന തള്ളിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുല്യവേതനം നടപ്പാക്കാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ സിനിമമേഖലയ്ക്ക് മാത്രമായി മാർ​ഗരേഖ തയ്യാറാക്കുന്നതിൽ സർക്കാരിന് ബുദ്ധിമുട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.സിനിമേഖലയിൽ തുല്യവേതനം വേണമെന്ന് വിമൻ ഇൻ സിനിമകളക്ടീവും നടി പാർവതി തിരുവോത്തും ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവരും മലയാള സിനിമയിലുണ്ട്. വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് അഭിനേതാക്കള്‍ക്ക് വേതനം ലഭിക്കുന്നതെന്നും അതിന്‍റെ പേരില്‍ വാശി കാണിക്കാന്‍ കഴിയില്ലെന്നുമാണ് നടി ​ഗ്രേസ് ആന്റണിയുടെ അഭിപ്രായം. തന്റെ മൂല്യത്തിനുള്ള പണം നിർമ്മാതാക്കൾ നൽകുന്നുണ്ട്. എന്നാൽ ഒരു സിനിമയിൽ നായകനെക്കാൾ കൂടുതൽ പ്രതിഫലം തനിക്ക് ലഭിച്ചെന്നും നടി പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന വ്യാജപീഡന പരാതികൾ ഭയപ്പെടുത്തുന്നതാണെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും ഉദ്ദേശ്യശുദ്ധി അട്ടിമറിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഓ​ഗസ്റ്റ് 19-നാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്.