Sandra Thomas: നിർമാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ചത് ഞങ്ങളുമായി ചർച്ച ചെയ്യാതെ; വിമർശനവുമായി സാന്ദ്രാ തോമസ്
Producer Sandra Thomas Slams Producers Association: ചില വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇപ്പോളുള്ള സംഘടനകൾ നിലകൊള്ളുന്നത്. ഈ സാഹചര്യത്തിന് ഒരു മാറ്റം കൊണ്ടുവരണമെങ്കിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നതാണ് മാർഗം.
പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഒന്നോ രണ്ടോ വ്യക്തികളുടെ ഏകപക്ഷീയമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സംഘടനയുടെ പ്രവർത്തനമെന്നും മറ്റുള്ള അംഗങ്ങളെ ഒന്നും അറിയിക്കാറില്ലെന്നും സാന്ദ്ര വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ സാന്ദ്ര തോമസും ഷീല കുര്യനും സംഘടനയ്ക്ക് കത്തയച്ചു.
“നിർമാതാക്കളുടെ സംഘടന മാധ്യമങ്ങളെ അഭിമുഖീകരിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാരോപണങ്ങൾ മാത്രമല്ല പരാമർശിച്ചിരിക്കുന്നത്. ലഹരി ഉപയോഗം മുതൽ നിരവധി പ്രശ്നങ്ങളെ കുറിച്ച് പറയുന്നുണ്ട്. അന്ന് മുതൽ പറയുന്ന കാര്യമാണ്, മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ. നിർമാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ചത് ഞങ്ങളുമായി ചർച്ച ചെയ്യാതെയാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പോലും കത്തയച്ച വിവരം അറിഞ്ഞില്ല. രണ്ടോ മൂന്നോ പേരുടെ തീരുമാനം അനുസരിച്ചാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. അത് ശെരിയല്ല. അതുകൊണ്ട് തന്നെയാണ് കത്തയച്ചത്’ സാന്ദ്രാ പറഞ്ഞു.
സാന്ദ്രാ തോമസും ഷീല കുര്യനും സംഘടനയ്ക്ക് അയച്ച കത്തിലെ പ്രധാന ഭാഗങ്ങൾ:
“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ രംഗത്ത് നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനായി ഒരു യോഗം വിളിച്ചിരുന്നു. എന്നാൽ അതൊരു പ്രഹസനമായിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ഒരു കത്ത് നൽകുകയുണ്ടായി. കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല. കത്തിൽ എന്താണെന്ന് അറിയാൻ അംഗങ്ങൾക്ക് അവകാശമില്ലേ?
അടുത്തിടെ നിർമാതാക്കളുടെ സംഘടനയും ‘അമ്മ’ താരസംഘടനയും ചേർന്നൊരു സ്റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ പരിപാടിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 95 ശതമാനം പേരെയും ക്ഷണിച്ചിരുന്നില്ല. അമ്മയുടെ ഭാഗത്ത് നിന്നും ഏർപ്പെടുത്തിയ വിലക്കാണെന്നാണ് പുറമെ പല അംഗങ്ങളും പറയുന്നത്. ഇത്തരത്തിലുള്ള മറുപടി നൽകാൻ ‘അമ്മ സംഘടനയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഈ ഇടപെടലുകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത് പുറത്ത് നിന്നുള്ള ശക്തികളാണ് അസോസിയേഷൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നാണ്.
ഈ സാഹചര്യത്തിന് ഒരു മാറ്റം വന്നേ മതിയാകൂ. മാറ്റം കൊണ്ടുവരണമെങ്കിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നല്ലാതെ മറ്റൊരു വഴിയില്ല. ചില വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇപ്പോളുള്ള സംഘടനകൾ നിലകൊള്ളുന്നത്. അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുവരുത്തി പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്യണമെന്നും” കത്തിൽ പറയുന്നു.