Malayalam NewsEntertainment > producer sandra thomas criticize minister saji cherian after the responds on Bengali actress allegations against director ranjith
Sandra Thomas: ‘രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി സജി ചെറിയാൻ രാജിവെക്കണം’; രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്
producer sandra thomas criticize minister saji cherian : അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് സാന്ദ്ര വിമർശിച്ചു.
director ranjith, Sandra Thomas , saji cherian
ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രി സജി ചെറിയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് സാന്ദ്ര വിമർശിച്ചു. സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ധേഹത്തിൻ്റെ സമീപനത്തിലൂടെ പുറത്ത് വരുന്നതെന്നും രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജി വയ്ക്കണമെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
*സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.*
ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് . സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ധേഹത്തിൻ്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.
ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കുക .
ഊഹാപോഹത്തിന്റെ പേരിൽ സംവിധയകാൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലായെന്നും ആരോപണം ഉന്നയിച്ച നടി മുന്നോട്ട് വന്ന് രേഖാമൂലം പരാതി നൽകിയാൽ അന്വേഷിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. “രഞ്ജിത്തിനെതിരായ ആരോപണം ഞാനും മാധ്യമങ്ങളിലൂടെയാണ് കണ്ടത്. അതിൽ രഞ്ജിത് തന്നെ പ്രതികരിച്ചിട്ടും ഉണ്ട്. നടിയുടെ ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് നമുക്ക് മുന്നിലുള്ളത്. അത് സംബന്ധിച്ച പരാതി അവർക്കുണ്ടെങ്കിൽ വരട്ടെ. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ കേസെടുത്താൽ തന്നെ അത് നിലനിൽക്കുമോ. ആരോപണം ഉന്നയിച്ചവർ പരാതി നൽകുക. രഞ്ജിത്തിനെതിരെ ആർകെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖമൂലം നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ ഇരകൾക്കൊപ്പമാണ്, വേട്ടക്കാർക്കൊപ്പമല്ല. ചലച്ചിത്ര അക്കാദമി പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് രഞ്ജിത്ത് ആ പദവി വഹിക്കുന്നത്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ സിപിഎം എന്ന പാർട്ടി അത് അന്വേഷിക്കാതെ ഇരിക്കില്ലല്ലോ. ഈ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം അപ്പോൾ ഉണ്ടാകും” മന്ത്രി സജി ചെറിയാൻ പറഞ്ഞു.