Priyamani: ‘അദ്ദേഹം എൻ്റെ മതത്തെയും ഞാൻ അദ്ദേഹത്തിൻ്റെ മതത്തെയും ബഹുമാനിക്കുന്നു’; ആളുകൾ പറയുന്നത് ബാധിക്കാറില്ലെന്ന് പ്രിയാമണി
Priyamani Marriage Backlash: ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് ആളുകൾ തന്നെ വിമർശിക്കാറുണ്ടെന്ന് പ്രിയാമണി. എന്നാൽ, അദ്ദേഹം തൻ്റെ മതത്തെയും താൻ അദ്ദേഹത്തിൻ്റെ മതത്തെയും ബഹുമാനിക്കുന്നു എന്നും ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നും പ്രിയാമണി പറഞ്ഞു.

പ്രിയാമണി, മുസ്തഫ രാജ്
തൻ്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ആളുകൾ പറയുന്നത് തന്നെ ബാധിക്കാറില്ലെന്ന് നടി പ്രിയാമണി. ഭർത്താവ് മറ്റൊരു മതക്കാരനായത് കൊണ്ട് ഒരുപാട് നെഗറ്റീവ് കമൻ്റുകളും വിമർശനങ്ങളും നേരിടേണ്ടിവന്നു. പക്ഷേ, അവർക്ക് മറുപടി കൊടുക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ലെന്നും പ്രിയാമണി എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
“വിവാഹനിശ്ചയത്തിൻ്റെ ഫോട്ടോകൾ പങ്കുവച്ചപ്പോൾ ഒരുപാട് പേരിൽ നിന്ന് വിമർശനം നേരിട്ടു. അതും എനിക്കറിയാത്ത കുറേ ആളുകൾ. ഈ വിമർശനം എന്തിനാണ്? നെഗറ്റീവ് കമൻ്റുകളെന്തിനാണ്? അയാൾ മറ്റൊരു മതവിശ്വാസി ആയതുകൊണ്ടോ? ഞങ്ങൾ പരസ്പരം മതം കാണാറില്ല. ഞാൻ അദ്ദേഹത്തിൻ്റെ മതത്തെയും അദ്ദേഹം എൻ്റെ മതത്തെയും ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കമ്പ്യൂട്ടറിനോ ഫോണിനോ പിന്നിലിരുന്ന് എന്തെങ്കിലുമൊക്കെ പറയുന്നവർക്ക് ഞാൻ മറുപടി കൊടുക്കേണ്ടതില്ല. അവർക്ക് മറുപടി കൊടുക്കാൻ എനിക്ക് ഉത്തരവാദിത്തമില്ല. എൻ്റെ കുടുംബത്തിന് മറുപടി കൊടുക്കാനേ ഉത്തരവാദിത്തമുള്ളൂ. മറ്റുള്ളവർ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. അതെന്നെ ബാധിക്കാറുമില്ല. അതുകൊണ്ടാണ് ഞങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്യാത്തത്. കാരണം, അത് വളരെ വ്യക്തിപരമാണ്.”- പ്രിയാമണി പറഞ്ഞു.
വ്യവസായിയായ മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. 2016ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തൊട്ടടുത്ത വർഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഭർത്താവ് മുസ്ലിമായതിനാൽ തനിക്ക് വിമർശനങ്ങളും മോശം കമൻ്റുകളും നേരിടേണ്ടിവരുന്നുണ്ടെന്ന് പ്രിയാമണി നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്.
2003ൽ എവരേ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെയാണ് പ്രിയാമണി സിനിമാഭിനയം ആരംഭിച്ചത്. 2004ൽ സത്യം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറി. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ പ്രിയാമണി സജീവമാണ്. ഷാഹി കബീറിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണി അവസാനമായി അഭിനയിച്ചത്. പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കി.