Priyamani: പ്രാഞ്ചിയേട്ടനിൽ കിട്ടിയത് ശക്തമായ ചവിട്ടായിരുന്നു; മമ്മൂട്ടി സർ കുറേ മാപ്പ് പറഞ്ഞു: വെളിപ്പെടുത്തി പ്രിയാമണി
Priyamani - Pranchiyettan And The Saint: പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് എന്ന മമ്മൂട്ടിച്ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി പ്രിയാമണി. 2010ൽ പുറത്തിറങ്ങിയ സിനിമയിൽ തനിക്ക് കിട്ടിയ ചവിട്ട് ശക്തമായിരുന്നു എന്നാണ് പ്രിയാമണി വെളിപ്പെടുത്തിയത്.

മമ്മൂട്ടി – പ്രിയാമണി ജോഡി ഒന്നിച്ച സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിൻ്റ്. രഞ്ജിത് സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ സിനിമ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിറമ്മൽ ഫ്രാൻസിസ് എന്ന കഥാപാത്രം പ്രിയാമണി അവതരിപ്പിച്ച പത്മശ്രീ എന്ന പിന്നിൽ നിന്ന് ചവിട്ടുന്ന സീനുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സീനിൽ തനിക്ക് കിട്ടിയത് ശക്തമായ ചവിട്ടായിരുന്നു എന്നും അതിന് മമ്മൂട്ടി കുറേ മാപ്പ് ചോദിച്ചു എന്നും പ്രിയാമണി പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയാമണിയുടെ വെളിപ്പെടുത്തൽ.
“ഈ സീൻ ചെയ്യേണ്ട സമയത്ത് ഒരു അഞ്ച് തവണയെങ്കിലും അദ്ദേഹം മാപ്പ് പറഞ്ഞു. ‘ഇങ്ങനെ ഒരു സീനുണ്ട്, തനിക്ക് ചെയ്തേ പറ്റൂ’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു, ‘കുഴപ്പമില്ല സർ, നിങ്ങൾ ചവിട്ടിക്കോ. എനിക്ക് കുഴപ്പമില്ല’ എന്ന് പറഞ്ഞു. ‘ഞാൻ സാവധാനത്തിൽ ടച്ച് ചെയ്യും. പ്രിയ മറിഞ്ഞ് വീഴണം’ എന്ന് അദ്ദേഹം പറഞ്ഞപ്പോൽ അത് വേണ്ടെന്ന് ഞാൻ മറുപടിപറഞ്ഞു. ‘നന്നായിത്തന്നെ ചെയ്തോളൂ’ എന്ന് പറഞ്ഞു. താഴെ മാറ്റൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. ആ സീൻ രണ്ട് ടേക്കിൽ ഓക്കെയായി. മമ്മൂട്ടി സർ അത് കഴിഞ്ഞിട്ടും ഒരുപാട് മാപ്പ് പറഞ്ഞു. ഇങ്ങനെ ചെയ്യേണ്ടിവന്നതിൽ സോറി എന്ന് പറഞ്ഞു. അതൊരു നല്ല ചവിട്ടായിരുന്നു.”- പ്രിയാമണി വിശദീകരിച്ചു.




രഞ്ജിത്ത് തന്നെ തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിൻ്റ്. മമ്മൂട്ടിയുടെ പ്ലേഹൗസ് റിലീസാണ് സിനിമ വിതരണം ചെയ്തത്. 2010 സെപ്തംബർ 10ന് തീയറ്ററുകളുലെത്തിയ സിനിമ ബോക്സോഫീസിൽ ഏറെ നേട്ടമുണ്ടാക്കിയിരുന്നു. മമ്മൂട്ടി, പ്രിയാമണി എന്നിവർക്കൊപ്പം ഇന്നസെൻ്റ്, സിദ്ധിഖ്, ടിനി ടോം, ജഗതി ശ്രീകുമാർ, ഗണപതി, ജെസ്സി ഫോക്സ് അലൻ, ഖുശ്ബു, ശശി കലിങ്ക തുടങ്ങിയവരും അഭിനയിച്ചു. വേണുവാണ് ക്യാമറ കൈകാര്യം ചെയ്തത്. വിജയ് ശങ്കർ എഡിറ്റിങ് നിർവഹിച്ചപ്പോൾ ഔസേപ്പച്ചനാണ് ഗാനങ്ങൾ ഒരുക്കിയത്. 200ലധികം ദിവസം കേരളത്തിലെ തീയറ്ററുകളിൽ ഓടിയ സിനിമ ഒമാൻ തീയറ്ററുകളിൽ തുടർച്ചയായി 63 ദിവസം പ്രദർശിപ്പിച്ചു. ആ സമയത്ത്, മലയാള സിനിമയുടെ റെക്കോർഡായിരുന്നു അത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളടക്കമുള്ള അവാർഡുകളും സിനിമയ്ക്ക് ലഭിച്ചു.