Aadujeevitham OTT: ആട് ജീവിതം ഒടിടിയിൽ എന്ന് എവിടെ കാണാം?
ഇന്ത്യൻ നെറ്റ് കളക്ഷനായി 82.27 കോടിയും, ഓവര്‍സീസ് കളക്ഷനായി 58 കോടിയും ചിത്രം ഇതുവരെ നേടിയിട്ടുണ്ട്
ബോക്സോഫീസിൽ അതി ഗംഭീര പ്രകടനം കാഴ്ച വെച്ച ശേഷം ആടു ജീവിതം ഒടിടിയിലേക്ക് എത്തുകയാണ്. മാർച്ച് 28-ന് ബോക്സോഫീസിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വേൾഡ് വൈഡ് കളക്ഷനായി ചിത്രം ഇതുവരെ നേടിയത് 152.94 കോടിയാണ്.
ഇന്ത്യൻ നെറ്റ് കളക്ഷനായി 82.27 കോടിയും, ഓവര്‍സീസ് കളക്ഷനായി 58 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യൻ ഗ്രോസ് കളക്ഷനായി ചിത്രം നേടിയത് 94.94 കോടിയാണ്. ചിത്രം അധികം താമസിക്കാതെ തന്നെ ഒടിടിയിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രം മെയ്-10ന് ഡിസ്നി ഹോട്-സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്ന് സോഴ്സുകളെ ഉദ്ദരിച്ച് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങൾ ഏഷ്യാനെറ്റിനാണ് നിലവിൽ. വലിയ തുകയ്ക്കാണ് ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റു പോയത്. 84 കോടിക്കാണ് ചിത്രം നിർമ്മിച്ചതെന്ന് നേരത്തെ ചിത്രത്തിൻറെ സംവിധായകൻ ബ്ലെസി വ്യക്തമാക്കിയിരുന്നു. ഇതിൻറെ ഇരട്ടിയോളം ചിത്രം നേടി കഴിഞ്ഞു.
ബെന്യാമിൻറെ ആടു ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമാകാനായി പൃഥിരാജ് 30 കിലോയോളം കുറച്ചിരുന്നതൊക്കെയും വലിയ വാർത്തയായിരുന്നു. 16 വർഷം വേണ്ടി വന്നു ചിത്രത്തിനായി. 2018-ൽ ആരംഭിച്ച ചിത്രം കോവിഡ് കാരണം ഇടയിൽ നിർത്തി വെച്ചിരുന്നു.
ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത് എആർ റഹ്‌മാനാണ്. റസൂൽ പൂക്കുട്ടിയാണ് ആടു ജീവിതത്തിൻറെ ശബ്ദമിശ്രണം. പൃഥി രാജിൻറെ നായികയായി അമല പോളും ചിത്രത്തിലെത്തുന്നുണ്ട്. ഇവരെ കൂടാതെ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തിയ ചിത്രം ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസ് ആണ് വിതരണത്തിന് എത്തിച്ചത്.