L2 Empuraan: ‘എമ്പുരാൻ വൻ വിജയമായാലേ ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ’; 150 കോടി ബജറ്റെന്നത് കളവെന്ന് പൃഥ്വിരാജ്
Prithviraj Sukumaran About Lucifer 3: ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റിയുള്ള സൂചനകളുമായി പൃഥ്വിരാജ്. എമ്പുരാൻ വൻ വിജയമായാലേ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിനെപ്പറ്റിയുള്ള വാർത്തകൾ അദ്ദേഹം തള്ളുകയും ചെയ്തു.

എമ്പുരാൻ വൻ വിജയമായാലേ ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ എന്ന് സംവിധായകൻ പൃഥ്വിരാജ്. മൂന്നാം ഭാഗം ഇതിലും വലിയ സിനിമയാണ്. എമ്പുരാൻ്റെ ബജറ്റ് 150 കോടിയാണെന്ന വാർത്തകൾ കളവാണെന്നും പൃഥ്വിരാജ് പറഞ്ഞു. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിൻ്റെ വെളിപ്പെടുത്തൽ.
മോഹൻലാലിനോടായിരുന്നു അനുപമയുടെ ചോദ്യം. ‘ലൂസിഫർ 3യെപ്പറ്റി എന്താണ് പറയാൻ കഴിയുക? ഷൂട്ടിങ് കഴിഞ്ഞോ?’ എന്ന് ചോദിക്കുമ്പോൾ ‘താനല്ല, അതിന് മറുപടി പറയേണ്ടത് ഇദ്ദേഹമാണ്’ എന്ന് പൃഥ്വിരാജിനെ ചൂണ്ടി മോഹൻലാൽ പറയുന്നു. പിന്നീടാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്. “ഇല്ല, മൂന്നാം ഭാഗം ചിത്രീകരിച്ചിട്ടില്ല. രണ്ടാം ഭാഗം വർക്കായാലേ അതെപ്പറ്റി ആലോചിക്കാൻ തുടങ്ങൂ. ആളുകൾ പറയുന്നു, രണ്ടാം ഭാഗം ഒരു വലിയ സിനിമയാണെന്ന്. ഇത് ഉയർന്ന ബജറ്റിലുള്ള സിനിമയല്ലെന്ന് ഞാൻ പറയുന്നില്ല. 150 കോടിയൊന്നുമില്ല ബജറ്റ്. സിനിമ കണ്ട് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കുറവാണ് സിനിമയുടെ ബജറ്റ്. അതാരും ഊഹിക്കില്ല. മൂന്നാം ഭാഗം വലിയൊരു സിനിമയായിരിക്കും. അത് വേറെ ലോകത്തുള്ള സിനിമയാണ്. എൻഡ് ക്രെഡിറ്റ് കാണുക, വായിക്കുക. അതിൽ കുറച്ച് കാര്യങ്ങളുണ്ട്. ആ ലോകം എന്താവുമെന്നതിനെപ്പറ്റിയുള്ള സൂചന ലഭിക്കും.”- പൃഥ്വിരാജ് പ്രതികരിച്ചു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ സിനിമാപരമ്പരയിലെ രണ്ടാമത്തെ സിനിമയാണ് ഇത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സിനിമയിൽ പ്രധാനപ്പെട്ട ഒരു റോളിലെത്തും. ഒപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരും സിനിമയിലുണ്ട്.




Also Read: Empuraan: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്
ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ദീപക് ദേവാണ് സംഗീത സംവിധാനം. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് അഖിലേഷ് മോഹൻ നിർവഹിക്കുന്നു. ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും. ഐമാക്സിൽ ഉൾപ്പെടെയാണ് സിനിമ റിലീസ് ചെയ്യുക.