Prithviraj Sukumaran Birthday : പറഞ്ഞ വാക്കുകൾ ചെയ്തുകാണിച്ച നിശ്ചയദാർഢ്യം; പൃഥ്വിരാജ് എന്ന വിഷണറി
Prithviraj Sukumaran Birthday : വളരെ കൃത്യമായ കരിയർ പ്ലാനിങ്ങുള്ള നടനും സിനിമാക്കാരനുമാണ് പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് അയാളത് പറഞ്ഞപ്പോൾ പരിഹസിച്ച് ചിരിച്ച സമൂഹം ഇന്ന് അയാളുടെ അടുത്ത പ്രൊജക്ടിന് കാത്തിരിക്കുന്നു. അയാളാവട്ടെ, താൻ പറഞ്ഞതൊക്കെ പ്രാവർത്തികമാക്കുന്നു.
2002ൽ, ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന സിനിമയിൽ ആദ്യമായി പൃഥ്വിരാജ് സുകുമാരൻ എന്ന യുവനടൻ്റെ മുഖം കണ്ടപ്പോൾ സുകുമാരൻ്റെ മകനെന്ന ചിന്തയ്ക്കപ്പുറം ഒന്നും തോന്നിയില്ല. നെപ്പോട്ടിസം കാരനം അയാൾ വഴിമുടക്കുന്ന മറ്റൊരു നല്ല നടൻ എന്ന ചിന്ത ചെറുതായി ഒന്ന് ഏശി കടന്നുപോയി. രഞ്ജിത്തിൻ്റെ നന്ദനമാണ് ആദ്യ ചിത്രമെങ്കിലും സിനിമ പുറത്തിറങ്ങുന്നത് മൂന്നാമത്തെ സിനിമ ആയാണ്. ആദ്യ സിനിമ പുറത്തിറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ്. വിവിധ ഭാഷകളിൽ അഭിനയിച്ച പാൻ ഇന്ത്യൻ സ്റ്റാർ. അസാധ്യ ക്രാഫ്റ്റുള്ള സംവിധായകൻ. ഇതൊക്കെ പക്ഷേ, പൃഥ്വി തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്നതാണ് അയാളിലെ ദീർഘവീക്ഷണം.
ഒരു നായകനടന് വേണ്ട രൂപവും ആകാരവുമുണ്ടായിരുന്ന പൃഥ്വിരാജിന് സിനിമകൾ ഒരുപാട് ലഭിച്ചു. വളരെ ലളിതമായ കരിയർ പ്ലാനിങ്ങായിരുന്നു അന്ന് പൃഥ്വിയുടേത്. വാണിജ്യ ചേരുവകളുള്ള സിനിമയിൽ അഭിനയിക്കുക എന്നതിൽ കവിഞ്ഞ് പ്രത്യേകമായി ഒരു പ്ലാനും അപ്പോൾ പൃഥ്വി വെളിപ്പെടുത്തിയിരുന്നില്ല. ഏറെ വൈകാതെ അയാൾ റൂട്ട് ചെറുതായി ഒന്ന് വഴിതിരിച്ചുവിട്ടു. ഉറുമി, ഇന്ത്യൻ റുപ്പി, രണ്ടാമത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, മുംബൈ പോലീസ്, മെമ്മറീസ് എന്നിങ്ങനെ തുടരെ വാണിജ്യപരമായും കലാപരമായും മികച്ച സിനിമകൾ അയാളുടെ ഫിലിമോഗ്രാഫിയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഈ സമയത്ത് തന്നെ ചില തമിഴ് സിനിമകളിൽ അഭിനയിച്ചു. 2010ൽ പുറത്തിറങ്ങിയ രാവണൻ ആയിരുന്നു തെന്നിന്ത്യയിലെ കരിയർ ബ്രേക്ക്.
ഇങ്ങനെ അത്യാവശ്യം മൂല്യമുള്ള ഒരു നടനായിക്കഴിഞ്ഞ പൃഥ്വിരാജിന് അപ്പോഴേക്കും അഹങ്കാരിയെന്ന ലേബൽ വീണുകഴിഞ്ഞിരുന്നു. കാരണം, പൃഥ്വി ഇംഗ്ലീഷ് സംസാരിക്കുന്നു. അയാളെ കളിയാക്കി വിളിക്കാനുള്ള പേരും പൊതുവിടങ്ങളിൽ പ്രചരിച്ചു. അപ്പോഴും പൃഥ്വിരാജിൻ്റെ നിലപാട് കൃത്യമായിരുന്നു. തനിക്ക് ഇന്ത്യ മുഴുവനല്ല, ലോകം മുഴുവൻ അറിയപ്പെടുന്ന നടനാവണമെന്ന് അയാൾ പറഞ്ഞു. ആളുകൾ അയാളെ കൂക്കിവിളിച്ചു, പരിഹസിച്ചു. സംവിധാനം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോഴും ആളുകൾ അയാളുടെ കഴിവിനെ സംശയിച്ചു. എന്നാൽ, കളി മാറുകയായിരുന്നു.
2012ൽ പുറത്തിറങ്ങിയ അയ്യ എന്ന സിനിമയിലൂടെ പൃഥ്വിയുടെ ബോളിവുഡ് അരങ്ങേറ്റം. സിനിമ മോശമായിരുന്നെങ്കിലും പാൻ ഇന്ത്യൻ എന്ന കടമ്പയിലെ വലിയ ഒരു ചുവടുവെയ്പ്പായിരുന്നു അത്. 2019ൽ തൻ്റെ സംവിധാന മോഹവും അയാൾ പൂർത്തീകരിച്ചു. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ ലൂസിഫർ എന്ന സിനിമ പൃഥ്വിരാജ് എന്ന സംവിധാനയകൻ്റെ ക്രാഫ്റ്റായിരുന്നു. മേക്കിങിൽ വിട്ടുവീഴ്ച കാണിക്കാതെ, വളരെ ഗംഭീരമായി അണിയൊച്ചൊരുക്കിയ ലൂസിഫർ പൃഥ്വിയുടെ സംവിധാന കരിയറിലെ ബ്ലോക്ക്ബസ്റ്റർ തുടക്കമായി. പിന്നീട്, 2022ൽ ബ്രോ ഡാഡി എന്ന സിനിമ കൂടി പൃഥ്വി സംവിധാനം ചെയ്തു.
Also Read : Prithviraj Sukumaran: നേട്ടങ്ങൾ പലതുണ്ടെങ്കിലും ആസ്തിയിൽ പിന്നിൽ; പൃഥ്വിരാജിന്റെ ആസ്തി ഇങ്ങനെ
സിനിമാജീവിതം ഇതിനിടെ പാരലലായി മുന്നോട്ടുപോയി. കാവിയ തലൈവനിലെയും സലാറിലെ പ്രതിനായക വേഷങ്ങൾ പൃഥ്വിരാജിലെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ ശക്തമാക്കി. കളി അവിടെയും തീർന്നില്ല. ഇക്കൊല്ലം റിലീസായ ആടുജീവിതം എന്ന സിനിമ ദേശാന്തരങ്ങൾ സഞ്ചരിച്ച് ചർച്ച ചെയ്യപ്പെട്ടു. തീയറ്റർ റിലീസിൽ പണം വാരിയതിന് ശേഷം ഒടിടി റിലീസിൽ സിനിമ ഭാഷാഭേദങ്ങളില്ലാതെ സഞ്ചരിച്ചു. പല രാജ്യങ്ങളിലും ആടുജീവിതം മികച്ച സിനിമാ കാഴ്ചയായി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ സിനിമ സ്വന്തമാക്കി. പൃഥ്വിരാജിൻ്റെ വിഷൻ, ഇൻ്റർനാഷണൽ ആക്ടർ എന്ന ലക്ഷ്യം ആടുജീവിതത്തിലൂടെ പൂർത്തീകരിക്കപ്പെട്ടു.
നടൻ, സംവിധായകൻ എന്നതിനൊപ്പം നിർമാതാവ്, ഗായകൻ എന്നീ നിലയിൽ പൃഥ്വിരാജ് മലയാള സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നൽകുന്നുണ്ട്. ലൂസിഫറിൻ്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ അയാൾ വീണ്ടും സംവിധാനക്കുപ്പായമണിഞ്ഞിരിക്കുന്നു. ടീസറോ ട്രെയിലറോ റിലീസാവും മുൻപ് തെന്നിന്ത്യ മുഴുവൻ ഈ സിനിമയ്ക്ക് കാത്തിരിക്കുന്നെങ്കിൽ, അത് പൃഥ്വിരാജിൻ്റെ മാത്രം വിജയമാണ്.