Prithviraj Sukumaran: നടനെ സംബന്ധിച്ച് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം, നന്ദി ബ്ലെസി ചേട്ടാ
എട്ട് അവാർഡുകളാണ് 'ആടുജീവിത'ത്തിന് ലഭിച്ചത്. സംവിധായകൻ ബ്ലെസി, പൃഥ്വിരാജ് സുകുമാരൻ, റസൂൽ പൂക്കുട്ടി, സുനിൽ കെ.എസ് എന്നിവർ ചേർന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം: 54 ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിതരണം ചെയ്തു. സിനിമാലോകത്ത് വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ കലാകാരന്മാർ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ജനപ്രിയ സിനിമ, സംവിധായകൻ, നടൻ, തിരക്കഥ അവലംബം, ഛായാഗ്രഹണം, ശബ്‍ദമിശ്രണം, മേക്കപ്പ്, പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെ എട്ട് അവാർഡുകളാണ് ‘ആടുജീവിത’ത്തിന് ലഭിച്ചത്. സംവിധായകൻ ബ്ലെസി, പൃഥ്വിരാജ് സുകുമാരൻ, റസൂൽ പൂക്കുട്ടി, സുനിൽ കെ.എസ് എന്നിവർ ചേർന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
‘ആടുജീവിതത്തിന് ലഭിച്ചതില്‍ ഏറ്റവുമധികം ഞാന്‍ മാനിക്കുന്നത് ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡാണ്’ എന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷമുള്ള മറുപടി പ്രസംഗത്തിൽ സംവിധായകൻ ബ്ലെസി പറയുകയുണ്ടായി. ‘ആടുജീവിതം ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണെന്നും ബ്ലെസി ചേട്ടന് നന്ദി’ എന്നുമായിരുന്നു അവാർഡ് സ്വീകരിച്ച ശേഷം പൃഥ്വിരാജിന്‍റെ വാക്കുകള്‍.
മികച്ച ജനപ്രിയ സിനിമ(ആടുജീവിതം), മികച്ച സംവിധായകന്‍(ബ്ലെസി), മികച്ച നടൻ(പൃഥ്വിരാജ്), മികച്ച തിരക്കഥ അവലംബം(ബ്ലെസി), മികച്ച ഛായാഗ്രഹണം(സുനില്‍ കെഎസ്), മികച്ച ശബ്‍ദമിശ്രണം(റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, )മികച്ച മേക്കപ്പ്(രഞ്ജിത്ത് അമ്പാടി), പ്രത്യേക ജൂറി അഭിനയം(കെ.ആര്‍ ഗോകുല്‍) എന്നീ അവാർഡുകളാണ് ‘ആടുജീവിത’ത്തിന് ലഭിക്കുകയുണ്ടായത്. ബെന്യാമിൻ്റെ ‘ആടുജീവിതം’ എന്ന പുസ്തകം സിനിമയായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ബ്ലെസിക്ക് ലഭിക്കുന്ന ആറാമത്തെ ചലച്ചിത്ര പുരസ്കാരവും പൃഥ്വിരാജിന്‍റെ മൂന്നാമത്തെ മികച്ച നടനുള്ള പുരസ്കാരവുമാണിത്.