Empuraan: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്
Prithviraj Requests Fans Not to Skip Empuraan End Scroll: സിനിമയുടെ ക്ലൈമാക്സ് കഴിഞ്ഞതും തീയറ്ററിൽ നിന്നും ഇറങ്ങി പോകരുതെന്നും സിനിമയുടെ അവസാനം എൻഡ് സ്ക്രോളിൽ മൂന്നാം ഭാഗത്തിന്റെ ഒരു സൂചന കിടപ്പുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘എമ്പുരാൻ’. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ റെക്കോർഡുകൾ തകർത്ത് ചിത്രം മുന്നേറുകയാണ്. പുഷ്പ 2, ലിയോ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ റെക്കോർഡ് എമ്പുരാൻ ഇതിനകം തകർത്തു കഴിഞ്ഞു. അതിനിടയിൽ, അടുത്തിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സിനിമയുടെ ക്ലൈമാക്സ് കഴിഞ്ഞതും തീയറ്ററിൽ നിന്നും ഇറങ്ങി പോകരുതെന്നും സിനിമയുടെ അവസാനം എൻഡ് സ്ക്രോളിൽ മൂന്നാം ഭാഗത്തിന്റെ ഒരു സൂചന കിടപ്പുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ആദ്യ ഭാഗമായ ലൂസിഫറിൽ രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയതിന് സമാനമായാണ് എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിനായുള്ള സൂചന നൽകിയിരിക്കുന്നതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഫിലിം കംപാനിയൻ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
“മൂന്നാം ഭാഗം നിങ്ങളെ തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകും. എമ്പുരാൻ കാണാൻ പോകുന്നവരോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്, സിനിമ അവസാനം വരെ കാണണം. ചിത്രത്തിന്റെ അവസാനം എഴുതികാണിക്കുന്ന ടൈറ്റിലുകൾ വായിക്കുക. ആദ്യ ഭാഗത്തിലേത് പോലെ ഇതിലും ഒരു എൻഡ് സ്ക്രോൾ ഉണ്ട്. എല്ലാവരും അത് കാണണം. അതിലെ ന്യൂസ് സ്‌ക്രോൾസും, ക്വോട്ടുകളും എല്ലാം സൂക്ഷ്മമായി വായിക്കണം. അതിനുമുമ്പ് തീയറ്ററിൽ നിന്ന് പോകാതിരിക്കുക. മൂന്നാം ഭാഗം നിങ്ങളെ കൂട്ടികൊണ്ടുപോകുന്നത് ഏത് തരം ലോകത്തിലേക്കാണെന്നുള്ള സൂചന അതിലുണ്ട്” പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 22നാണ് ബുക്കിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാർച്ച് 27ന് എമ്പുരാൻ തീയറ്ററുകളിൽ പ്രദർശനമാരംഭിക്കും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.
ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാന്റെ നിർമാണം നിർവഹിക്കുന്നത്. സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിലേഷ് മോഹനുമാണ്.