Guruvayoor Ambalanadayil OTT: കല്ല്യാണപ്പൂരം ഇനി ഒടിടിയിലാവട്ടെ…; ഗുരുവായൂരമ്പല നടയിൽ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
Guruvayoor Ambalanadayil OTT Release: ആഗോളതലത്തിൽ 90 കോടിയിലധികം രൂപ നേടിയ ചിത്രമാണ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ‘ഗുരുവായൂരമ്പല നടയിൽ‘ (Guruvayoor Ambalanadayil) ഇനി ഒടിടിയിലേയ്ക്ക് (OTT Release). ചിത്രത്തിൻ്റെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) ജൂൺ 27 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ആഗോളതലത്തിൽ 90 കോടിയിലധികം രൂപ നേടിയ ചിത്രമാണ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോമഡി എന്റർടെയ്‍നറായി ഒരുങ്ങിയ ചിത്രത്തിൽ കല്യാണമാണ് പശ്ചാത്തലം.
മലയാളസിനിമ വർഷങ്ങൾക്ക് ശേഷം ഒരു കല്ല്യാണം ആഘോഷമാക്കിയത് ഈ ചിത്രത്തിലൂടെയാണ്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച സിനിമയാണിത്. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
View this post on Instagram
ഛായാഗ്രഹണം നീരജ് രവി, എഡിറ്റർ ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, മേക്കപ്പ് സുധി സുരേന്ദ്രൻ, ആർട്ട് ഡയറക്ടർ സുനിൽ കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുൺ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ.
ALSO READ: കുതിച്ച് പാഞ്ഞ് ഗുരുവായൂര്‍ അമ്പലനടയില്‍; കേരള കളക്ഷന്‍ ഇങ്ങനെ
നല്ല പ്രതികരണം ഏറ്റുവാങ്ങി ഹിറ്റായി മാറിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കേരളത്തിൽ നിന്ന് 2024ലെ ഓപ്പണിങ് കളക്ഷനിൽ ഗുരുവായൂർ അമ്പലനടയിൽ മൂന്നാം സ്ഥാനത്താണ്. പൃഥ്വിരാജിന്റെ തന്റെ ചിത്രമായ 5.83 കോടി നേടിയ ആടുജീവിതമാണ് രണ്ടാം സ്ഥാനത്തുള്ളത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തിൽ ഒന്നാം സ്ഥാനത്തുണ്ട്.
ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങളും ചിത്രത്തിലുണ്ട്. മൂന്ന് കോടിക്ക് മുകളിൽ ചിലവിട്ടാണ് ചിത്രത്തിൽ ഗുരുവായൂർ അമ്പലം സെറ്റിട്ടത്. കളമശ്ശേരിയിലായിരുന്നു സെറ്റ്. ഇതിനു മുമ്പ് കല്യാണം പ്രമേയമായി എത്തിയ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമ തുടങ്ങുമ്പോൾ മുതൽ തീരുമ്പോൾ വരെ ഒരു കല്യാണ വീട്ടിലെത്തിയ പ്രതീതി ഉണ്ടാക്കിയതായും പ്രേക്ഷകർ പറയുന്നു.
ആനന്ദൻ, വിനു രാമചന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ആനന്ദന്റെ സഹോദരി അഞ്ജലിയെയാണ് വിനു വിവാഹം ചെയ്യുന്നത്. ആനന്ദനായി പൃത്ഥ്വി രാജും ഭാവി അളിയൻ വിനുവായി ബേസിലും എത്തുന്നു. കലാ സംവിധായകൻ സുനിൽ കുമാറിന് നല്ലൊരു കയ്യടി നൽകണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒറിജിനൽ ഗുരുവായൂരമ്പലത്തെ വെല്ലുന്ന അതേ മാതൃകയിലും വലിപ്പത്തിലുമൊരുക്കിയ കൊച്ചിയിലെ സെറ്റിനെ അതിഗംഭീരം എന്നേ പറയാനാവൂ എന്നും കാണികൾ അഭിപ്രായപ്പെട്ടിരുന്നു.