Kalki 2898 AD Box Office Collection: ‘കൽക്കി’ കലക്കി….; ആദ്യ ദിനം തന്നെ റെക്കോർഡ് കുതിപ്പ്, നേടിയത് 180 കോടി
Kalki 2898 AD First Day Box Office Collection: ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നും 64 കോടിയിലേറെ വരുമാനം നേടി. പ്രീബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ചിത്രത്തിൻ്റെ ടിക്കറ്റുകളിൽ റെക്കോർഡ് വില്പനയാണ് നടന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ (Kalki 2898 AD) മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 95 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യദിനം തന്നെ ആഗോള വരുമാനം (Box Office Collection) 180 കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. ബോക്‌സ് ഓഫീസ് ട്രാക്കർ സാക്‌നിൽക്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പാൻ ഇന്ത്യൻ ചിത്രമായ കൽകി തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്.
ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നും 64 കോടിയിലേറെ വരുമാനം നേടി. പ്രീബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ചിത്രത്തിൻ്റെ ടിക്കറ്റുകളിൽ റെക്കോർഡ് വില്പനയാണ് നടന്നത്. ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ റെക്കോഡ് തകർത്തിരിക്കുകയാണ് കൽകി. രാജമൗലിയുടെ ആർആർആർ, ബാഹുബലി 2 എന്നീ സിനിമകളാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിൻ ചിത്രത്തിലൂടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ അശ്വത്ഥാമാവായെത്തുന്നത് അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷണ പ്രതികരണം.
ALSO READ: സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ‘കൽക്കി’ ട്രെയ്ലർ; വമ്പൻ താരനിരയിൽ ശോഭനയും
3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്‌കരിച്ച ‘കൽക്കി 2898 എഡി’യിലെ നായിക കഥാപാത്രത്തെ ദീപിക പദുക്കോണാണ് കൈകാര്യം ചെയ്യുന്നത്. കമൽഹാസൻ, ശോഭന, അന്ന ബെൻ, ദിഷാ പഠാനി തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരോടൊപ്പം പ്രേക്ഷകർക്ക് സർപ്രൈസ് നൽകി ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ഭൈരവ’യായ് പ്രഭാസ് എത്തുന്ന ചിത്രത്തിൽ ‘സുമതി’ എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് 135 ലേറ്റ് നൈറ്റ് ഷോകളാണ് അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചിരിക്കുന്നത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. പ്രൈം വീഡിയോയിലൂടെ പുറത്തുവന്ന ആനിമേഷൻ സീരീസ് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
വൈജയന്തി മൂവീസിന്റെ ബാനറിലാണ് ‘കൽക്കി 2898 AD’ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇളക്കിമറിച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നത്. പുറത്തിറങ്ങി നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിക്കുകയും ചെയ്തിരുന്നു.