Ponman Movie: പൊന്മാൻ്റെ കളികൾ ഇനി ഒടിടിയിൽ; റിലീസ് തീയതിയും സ്ട്രീമിങ് പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചു
Ponman Movie OTT Release: ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ പൊന്മാൻ ഒടിടി റിലീസാവുന്നു. അടുത്ത ആഴ്ച തന്നെ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ജനുവരി 30നാണ് പൊന്മാൻ തീയറ്ററുകളിലെത്തിയത്.

ബേസിൽ ജോസഫും സജിൻ ഗോപുവും ഒരുമിച്ചഭിനയിച്ച് തീയറ്ററിൽ നിറഞ്ഞോടിയ പൊന്മാൻ എന്ന സിനിമ ഒടിടിയിലേക്ക്. ഈ മാസം തന്നെ പൊന്മാൻ ഒടിടിയിലെത്തും. ഈ വർഷം ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നായ പൊന്മാൻ നിരൂപക പ്രശംസയും നേടിയിരുന്നു. ഈ വർഷം ജനുവരി 30നാണ് പൊന്മാൻ തീയറ്ററിൽ റിലീസായത്.
ജിയോഹോട്ട്സ്റ്റാറിലാണ് പൊന്മാൻ റിലീസാവുക. ഈ മാസം 14ന് സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ജിആർ ഇന്ദുഗോപൻ്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് പൊന്മാൻ. ജിആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നൊരുക്കിയ തിരക്കഥയിൽ പ്രമുഖ കലാസംവിധായകനായ ജോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമ നിർമ്മിച്ചത്.
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജോമോൾ ജോസ് എന്നിവർ പ്രഥാന കഥാപാത്രങ്ങളായ സിനിമയിൽ ദീപക് പറമ്പോൽ, ആനന്ദ് മന്മഥൻ, രാജേഷ് ശർമ്മ തുടങ്ങിയവരും അഭിനയിച്ചു. സാനു ജോൺ വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. നിധിൻ രാജ് അരോൾ എഡിറ്റിംഗും ജസ്റ്റിൻ വർഗീസ് സംഗീതസംവിധാനവും നിർവഹിച്ചു.




പൊന്മാന് ശേഷം താൻ ഇനി കുറേ നാളത്തേക്ക് അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയാണെന്ന് ബേസിൽ ജോസഫ് അറിയിച്ചിരുന്നു. സിനിമ സംവിധാനം ചെയ്യാനായി ഇടവേളയെടുക്കുകയാണെന്നാണ് ബേസിൽ പറഞ്ഞത്.
മാർച്ച് മാസത്തിൽ ശ്രദ്ധേയമായ മറ്റ് ചില മലയാള ചിത്രങ്ങളും ഒടിടി റിലീസാവും. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ രേഖാചിത്രം മാർച്ച് ഏഴ് മുതലാണ് സ്ട്രീമിങ് ആരംഭിക്കുക. സോണിലിവ് ആണ് സ്ട്രീമിങ് പാർട്ണർ. ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോയാണ് സിനിമ ഒരുക്കിയത്.
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്’ എന്ന സിനിമയുടെയും സ്ട്രീമിങ് മാർച്ച് ഏഴിന് തന്നെയാണ് ആരംഭിക്കുക. ആമസോണ്‍ പ്രൈം വിഡിയോ ആണ് സ്ട്രീമിങ് പാർട്ണർ. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ‘ഓഫീസർ ഓൺ ഡ്യൂട്ടി’ മാർച്ച് 20ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു ജാതി ജാതകം, പ്രാവിൻകൂട് ഷാപ്പ് എന്നീ സിനിമകളും ഈ മാസം തന്നെയാണ് ഒടിടി റിലീസാവുക.