5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘തൊടുപുഴയിലെ ലൊക്കേഷനിൽ ലൈംഗികാതിക്രമം’, ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസ്; പരാതി നൽകിയത് തിരുവനന്തപുരം സ്വദേശിയായ നടി

Jayasurya Case : കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴയിലേക്ക് മാറ്റും. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഐശ്വര്യ ഡോ​ഗ്രെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

Hema Committee Report: ‘തൊടുപുഴയിലെ ലൊക്കേഷനിൽ ലൈംഗികാതിക്രമം’, ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസ്; പരാതി നൽകിയത് തിരുവനന്തപുരം സ്വദേശിയായ നടി
athira-ajithkumar
Athira CA | Updated On: 30 Aug 2024 08:04 AM

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിയ്ക്ക് നേരെ ലെെം​ഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴയിലേക്ക് മാറ്റും.

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013-ൽ നടന്ന സംഭവമായതിനാൽ ഐപിസിയുടെ വിവിധ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഐശ്വര്യ ഡോ​ഗ്രെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിജിപിക്ക് ഓൺലെെനായാണ് നടി ആദ്യം പരാതി നൽകിയത്. നടിയുടെ സൗകര്യാർത്ഥം പരാതിയിന്മേലുള്ള ആദ്യഘട്ട മൊഴി കരമന പൊലീസ് രേഖപ്പെടുത്തി.

മോഹൻലാൽ ഉൾപ്പെടെ പ്രധാന നടൻമാരൊടൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് യുവനടനെതിരെ ആരോപണം ഉന്നയിച്ചത്. 2013-ൽ തൊടുപുഴയിലെ ഒരു ലോക്കേഷനിൽ സിനിമയിൽ അഭിനയിക്കുന്നതിനായി മേക്കപ്പിട്ട് വാഷ് റൂമിലേക്ക് പോയിവരുന്നതിനിടെ തന്റെ പിന്നിലൂടെ വന്ന യുവനടൻ കടന്നുപിടിച്ചു ചുംബിച്ചു. ഈ പ്രവൃത്തിയിൽ താൻ ഞെട്ടിയെന്നും നടനെ പിടിച്ചുതള്ളിയെന്നുമാണ് ഇവർ പറഞ്ഞത്.

സംഭവത്തെ കുറിച്ച് ഷൂട്ടിം​ഗ് ലൊക്കേഷനിലുള്ളവരോട് പരാതിപ്പെട്ടിട്ടും ആരും ​ഗൗനിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിപേർ തനിക്ക് ചലച്ചിത്ര മേഖലയിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു. അവർക്ക് പിന്തുണയുമായാണ് തനിക്ക് നേരിട്ട ദുരനുഭവം പൊതുസമൂഹത്തെ അറിയിച്ചതെന്നാണ് നടി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് നടനെതിരെ ആദ്യ കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കന്റോൺ‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തിരുന്നത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.

ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. ഈ കേസിൽ സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതിയിന്മേൽ സിനിമയിലെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. സെക്രട്ടറിയേറ്റിൽ ഷൂട്ടിം​ഗ് അനുവദിച്ചതിന്റെ വിശദാംശങ്ങൾ തേടി പൊതുഭരണ വകുപ്പിനും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സംഭവമായതിനാൽ സർക്കാർ കേസിനെ അതീവ ​ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

നടിമാരുടെ പരാതിയിന്മേൽ പ്രതികരിക്കാൻ നടൻ ഇതുവരെയും തയ്യാറായിട്ടില്ല. നിലവിൽ ന്യൂയോർക്കിലാണ് ജയസൂര്യയുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ജയസൂര്യ ഉടൻ കേരളത്തിലെത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജയസൂര്യയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് 24 ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേരളത്തിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയം താരത്തിനുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.