മഞ്ഞുമ്മൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്. നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് എറണാകുളം മരട് പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതി. അരൂർ സ്വദേശി സിറാജാണ് പരാതി നൽകിയത്. നേരത്തെ സിനിമ നിർമ്മാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവിറക്കിയിരുന്നു. എറണാകുളം സബ് കോടതിയുടേതായിരുന്നു ഉത്തരവ്.
ചിത്രത്തിന്റെ നിർമ്മാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിറക്കിയത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റേയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതുകൊടി രുപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമ്മാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം. ആഗോള തലത്തിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതു കോടി രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റഫോംമുകൾ മുഖേനയും ചിത്രം ഇരുപതു കൊടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. സിറാജ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ നിർമ്മാതകളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
ജാൻ- എ- മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22 നാണ് തിയറ്ററുകളിൽ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ 2024ലെ സെൻസേഷൻ സൂപ്പർ ഹിറ്റാണ് മഞ്ഞുമ്മൽ ബോയ്സ്. ആദ്യമായി ഒരു മലയാള ചിത്രം തീയറ്റർ കളക്ഷനിൽ 200 കോടി പിന്നിട്ടു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ മാത്രം അല്ല തമിഴ്നാട്ടിലും ചിത്രത്തിന് ലഭിച്ച സ്വീകാര്യത ചിത്രത്തെ മലയാള സിനിമയുടെ സീൻ മാറ്റുന്ന ചിത്രമാക്കി എന്നതും മറ്റൊരു പ്രത്യേകതയാണ്. ഏപ്രിൽ 6ന് റിലീസായ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്.
അതേസമയം ഒരു മലയാള ചിത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തമിഴ്നാട് ബോക്സോഫീസ് കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. ഒരു തമിഴ് ചിത്രം കേരള ബോക്സോഫീസിൽ നേടിയ കളക്ഷനെക്കാൾ കൂടിയ കളക്ഷനാണ് ചിത്രം തമിഴ്നാട്ടിൽ ഉണ്ടാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ എത്തുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. മെയ് മൂന്നിനാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിന്റെ ട്രെയിലർ ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടുണ്ട്.