Pluto Movie: മലയാളത്തിലെ ആദ്യ ഏലിയൻ സിനിമ; നീരജ് മാധവ് നായകനാവുന്ന പ്ലൂട്ടോയുടെ ടീസർ വൈറൽ
Pluto Alien Movie Announcement Teaser: മലയാളത്തിലെ ആദ്യ ഏലിയൻ സിനിമയായ പ്ലൂട്ടോയുടെ അനൗൺസ്മെൻ്റ് ടീസർ വൈറൽ. നീരജ് മാധവും അൽതാഫ് സലിമുമാണ് പ്ലൂട്ടോയിൽ ഒരുമിക്കുക.

മലയാളത്തിലെ ആദ്യ ഏലിയൻ സിനിമയുമായി നീരജ് മാധവ്. ഷമൽ ചാക്കോയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏലിയൻ എന്ന സിനിമയുടെ അനൗൺസ്മെൻ്റ് ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീരജ് മാധവിനൊപ്പം അൽത്താഫ് സലീമും സിനിമയിലെ പ്രധാന കഥാപാത്രമാണ്. അൽതാഫ് സലിം ആവും അന്യഗ്രഹജീവിയുടെ വേഷത്തിലെത്തുക എന്നാണ് ടീസർ നൽകുന്ന സൂചന.
നിയാസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. അദ്ദേഹം തന്നെയാണ് ക്രിയേറ്റിവ് ഡയറക്ടർ. ഓർക്കിഡ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ രെജു കുമാർ, രെശ്മി രെജു എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീരാജ് രവീന്ദ്രൻ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ അപ്പു ഭട്ടതിരിയും ഷമൽ ചാക്കോയും ചേർന്നാണ് എഡിറ്റിങ്. അശ്വിൻ ആര്യനും അർകാഡോയും ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. സിനിമ എന്ന് റിലീസാവുമെന്നോ മറ്റ് കഥാപാത്രങ്ങൾ ആരെന്നോ വ്യക്തമല്ല.
പ്ലൂട്ടോയുടെ അനൗൺസ്മെൻ്റ് ടീസർ




2013ൽ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് മാധവ് സിനിമാഭിനയം ആരംഭിക്കുന്നത്. 2024ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇക്കൊല്ലം നീരജ് നായകനായി, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019ൽ പുറത്തിറങ്ങിയ ഹിന്ദി വെബ് സീരീസ് ദി ഫാമിലി മാനിൽ നീരജിൻ്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. കൊറിയോഗ്രാഫർ, റാപ്പർ, ഗായകൻ തുടങ്ങി മറ്റ് മേഖലകളിലും ശ്രദ്ധേയനാണ് നീരജ് മാധവ്.
സമീപകാലത്തായി മലയാളത്തിൽ പരീക്ഷണചിത്രങ്ങൾ കൂടുതലായി സംഭവിക്കുന്നുണ്ട്. അടുത്തിടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പ്രഖ്യാപിച്ച ജാംബിയും അരുൺ ചന്ദു പ്രഖ്യാപിച്ച വലയും മലയാളത്തിലെ സോംബി സിനിമകളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ മിന്നൽ മുരളിയാണ് മലയാളത്തിൽ ഇത്തരം സിനിമകൾക്ക് തുടക്കമിട്ടത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംബിധാനം ചെയ്ത മിന്നൽ മുരളി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.