Happy birthday Mammootty: മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; പിറന്നാൾ സമ്മാനവുമായി ടൂറിസം വകുപ്പ്
മമ്മൂട്ടിക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് എഴുപത്തിമൂന്നിന്റെ നിറവിലാണ്. മലയാളി മനസ്സിൽ എന്നും പുതുമ നഷ്ടപ്പെടാത്ത ഒരു തരി നല്ല കഥാപാത്രമാണ് മമ്മൂട്ടി സമ്മാനിച്ചത്. ഇത്തവണ മകനും നടനുമായ ദുൽഖർ സൽമാനും കുടുംബത്തിനൊപ്പമാണ് മമ്മൂട്ടിയുള്ളത്. എന്നാലും പതിവ് പോലെ കൊച്ചിയിലെ താരത്തിന്റെ വസതിക്കു മുന്നിലും ആരാധകർ ഒത്തുകൂടിയിരുന്നു. കൃത്യം 12 മണിക്കാണ് ആരാധകർ ഗേറ്റിനു മുന്നിൽ തടിച്ചുകൂടി ആശംസകൾ അറിയിച്ചത്. അവരെയും മമ്മൂട്ടി നിരാശപ്പെടുത്തിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ എത്തി ആരാധകർക്ക് താരം നന്ദിയറിയിച്ചു.
ഇതിനു പുറമെ സിനിമ രാഷ്ട്രീയ മേഖലയിൽ നിന്ന നിരവധി പേരാണ് താരത്തിനു ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി രംഗത്ത് എത്തി. മമ്മൂട്ടിക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്. പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ എന്നും ചിത്രത്തിനൊപ്പെം കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും എത്തി.
ഇതിനു തൊട്ടുപിന്നാലെ മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസറ്റ് എത്തി. ഇതിനൊപ്പെം പിറന്നാൾ സമ്മാനവും അദ്ദേഹം പ്രഖ്യാപിച്ചു.മ്മൂട്ടിയുടെ ജന്മനാടായ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ശ്രീ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ,
ഒപ്പം ടൂറിസം വകുപ്പിൻ്റെ
പിറന്നാൾ സമ്മാനവും..
നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിൻ്റെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.