നായകനായി മകൻ, മാതാപിതാക്കൾ സംവിധാനം: കുടുംബത്തോടെ സിനിമ, ദി മിസ്റ്റേക്കർ തീയ്യേറ്ററിലേക്ക്
സസ്പെൻസ് ഹൊറർ ജോണറിലൊരുക്കിയ "ദി മിസ്റ്റേക്കർ ഹൂ " ആണ് ഇത്തരത്തിൽ റിലീസിനൊരുങ്ങുന്നത്
ഒരു കുടുംബം പൂർണമായും സിനിമയെടുക്കാൻ ഇറങ്ങുന്നത് ഒരു പക്ഷെ ഇതാദ്യമായിരിക്കാം. സഹോദരങ്ങളും, പിതാവും മകനുമൊക്കെ സ്ഥിരം കണ്ടിട്ടുള്ള വ്യത്യസ്തയാണെങ്കിലും അച്ഛനും അമ്മയും മകനും ചേർന്നെടുക്കുന്ന സിനിമ ഇതാദ്യമായിരിക്കാം. സസ്പെൻസ് ഹൊറർ ജോണറിലൊരുക്കിയ “ദി മിസ്റ്റേക്കർ ഹൂ ” ആണ് ഇത്തരത്തിൽ റിലീസിനൊരുങ്ങുന്നത്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായർ ദമ്പതികൾ ചേർന്നാണ്. ചിത്രത്തിൽ നായകനാകുന്നതോ ഇവരുടെ മകൻ ആദിത്യദേവും. മായ ശിവ നേരത്തെ ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ആ രണ്ട് ചിത്രത്തിലും മകനായിരുന്നു ഹീറോ. ഇത്തവണ ഭർത്താവ് ശിവ നായർ ഭാര്യയോടൊപ്പം ചേർന്ന് സംവിധാന മേലങ്കി അണിഞ്ഞിരിക്കുന്നു. മെയ് 31ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും ഈ മൂവർ കുടുംബത്തിന്റെ പങ്കാളിത്തം നിറഞ്ഞു നില്ക്കുന്നു.
തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പക വീട്ടാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവ വരും ചിത്രത്തിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ആദിത്യദേവ് ഫിലിംസിൻറെ ബാനറിൽ മായ ശിവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥ ശിവ നായരും, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം, മേക്കപ്പ്, ഛായാഗ്രഹണം എന്നിവ മായ ശിവ, ശിവ നായർ എന്നിവരും ചേർന്നാണ്.
പാട്ടുകൾ പാടിയിരിക്കുന്നത് രവിശങ്കർ, എഡിറ്റിംഗ് ആദിത്യദേവ്, ത്രിൽസ് ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ അനിൽ പെരുന്താന്നി, വിതരണം ഫിയോക്, പിആർഓ അജയ് തുണ്ടത്തിൽ