Para Normal OTT: ഒടിടിയിലേക്കൊരു ഹൊറർ ചിത്രം, പാരാ നോർമൽ റിലീസ്
ചാക്കോ സ്കറിയ നിർമ്മിക്കുന്ന ചിത്രം വിതരണത്തിനായി എത്തിക്കുന്നത് അമേരിക്കൻ കമ്പനിയായ ഡാർക്ക് വെബ് ഫിലിംസ്, വരാഹ ഫിലിംസ് എന്നിവർ ചേർന്നാണ്

ഒരു ഹോറർ ചിത്രത്തിനായി കാത്തിരിക്കുന്നവർക്കായിതാ ഒരു പുത്തൻ റിലീസ് എത്തുകയാണ്. നവാഗതനായ എസ് എസ് ജിഷ്ണുദേവ് ഒരുക്കിയ ഇംഗ്ലീഷ് ഹൊറർ മൂവി പാരാനോർമ്മൽ വിഷുദിനത്തിൽ ഒടിടി റിലീസ് ചെയ്യും. ഇന്ത്യൻ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രത്തിൽ പറയുന്നത് പാരാ നോർമ്മൽ ആക്ടിവിറ്റിയും അതുമായി ബന്ധപ്പെട്ട് നടത്തിയ മൂന്ന് കേസുകളും അതിൻ്റെ പഠനങ്ങളുമാണ്. ചിത്രത്തിൻ്റെ തിരക്കഥ രൂപീകരിച്ചിരിക്കുന്നത് ഫിക്ഷനും അനുഭവക്കുറിപ്പുകളുമൊക്കെ ചേർത്താണ് എന്നത് തന്നെയാണ് ചിത്രത്തിനെ വ്യത്യസ്തമാക്കുന്നത്.
ചാക്കോ സ്കറിയ നിർമ്മിക്കുന്ന ചിത്രം വിതരണത്തിനായി എത്തിക്കുന്നത് അമേരിക്കൻ കമ്പനിയായ ഡാർക്ക് വെബ് ഫിലിംസ്, വരാഹ ഫിലിംസ് എന്നിവർ ചേർന്നാണ്. ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത് സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ എന്നിവരും ഒപ്പം സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവരടങ്ങുന്ന വൻ താരനിരയാണ്
. ജിഷ്ണു ദേവ് തന്നെയാണ് പാരാനോർമ്മലിൻ്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഇറ്റാലിയൻ സംഗീതഞ്ജൻ പിയാർഡോ ഡി അഗോസ്റ്റിനോ. സൗണ്ട് മിക്സ്, സൗണ്ട് ഡിസൈൻ എന്നിവ ജെഎസ് വിഷ്ണുവുമാണ് നിർവ്വഹിക്കുന്നത്. പ്രജിൻ ഡിസൈൻസ് ആണ് ചിത്രത്തിൻ്റെ പബ്ലിസിറ്റി ഡിസൈൻസ് ചെയ്യുന്നത്. പിആർഒ അജയ് തുണ്ടത്തിൽ.