Pallotty 90s Kids OTT Update: 90കളിലെ ഗൃഹാതുരതയും ബാല്യവും; പല്ലൊട്ടി 90സ് കിഡ്സ് ഒടിടിയിലേക്ക്
Pallotty 90s Kids OTT Update Streaming : ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പല്ലൊട്ടി 90സ് കിഡ്സ് ഒടിടിലേക്ക്. ഈ മാസം തന്നെ സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ജിതിൻ രാജാണ് ചിത്രം സംവിധാനം ചെയ്തത്.
തീയറ്ററിൽ ശ്രദ്ധ നേടിയ പല്ലൊട്ടി 90സ് കിഡ്സ് ഒടിടിയിലേക്ക്. ജിതിൻ രാജ് സംവിധാനം ചെയ്ത ചിത്രം 53ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് നേടിയിരുന്നു. 90കളിൽ നടക്കുന്ന കഥ ഗൃഹാതുരതയുണർത്തുന്ന, മനോഹരമായ ചലച്ചിത്രാവിഷ്കാരമായിരുന്നു. ഇങ്ങനെ വിവിധ പുരസ്കാരങ്ങൾ നേടി, തീയറ്ററിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒടിടിയിലെത്തുന്നത്.
മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബർ 18 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്തുതുടങ്ങും. ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പെടെ മലയാളത്തിലാവും സിനിമ സ്ട്രീം ചെയ്യുക. ഇക്കാര്യം മനോരമ മാക്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
മികച്ച കുട്ടികളുടെ ചിത്രത്തിനൊപ്പം സിനിമയിലെ അഭിനയത്തിന് ഡാവിഞ്ചി സന്തോഷ് മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിരുന്നു. മികച്ച പിന്നണി ഗാനത്തിനുള്ള അവാർഡും പല്ലൊട്ടി തന്നെയാണ് നേടിയത്. സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്ന് നിർമ്മിച്ച ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് അവതരിപ്പിച്ചത്. ശാരോൺ ശ്രീനിവാസാണ് ക്യാമറ കൈകാര്യം ചെയ്തത്. രോഹിത് വിഎസ് വാരിയത്ത് ആയിരുന്നു എഡിറ്റർ. മണികണ്ഠൻ അയ്യപ്പ സംഗീതമൊരുക്കി.
Also Read : Zakir Hussain: സാക്കിർ ഹുസൈന് വിട; മരണം സ്ഥിരീകരിച്ച് കുടുംബം
ദീപക് വാസൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്, നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ദിനേഷ് പ്രഭാകർ, സുധി കോപ, അബു വളയംകുളം തുടങ്ങിയവരാണ് അഭിനയിച്ചത്. ഇവർക്കൊപ്പം ചില കുട്ടികളും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ കുട്ടിത്താരങ്ങളുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വർഷം ഒക്ടോബർ 25നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. കാര്യമായ പ്രമോഷനുകളില്ലായിരുന്നെങ്കിലും വേർഡ് ഓഫ് മൗത്തിലൂടെയാണ് സിനിമ ആസ്വാദകരിലേക്കെത്തിയത്. തീയറ്ററുകളിൽ കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സമൂഹമാധ്യമങ്ങളിൽ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രമുഖ സിനിമാ നിരീക്ഷകരടക്കം സിനിമയെ പുകഴ്ത്തി.
കുളംകര എന്ന ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. കണ്ണൻ, ഉണ്ണി എന്നിവരിലൂടെ പുരോഗമിക്കുന്ന കഥയിലേക്ക് മറ്റ് കഥാപാത്രങ്ങളുമെത്തുന്നു. ഡാവിഞ്ചി സന്തോഷിനൊപ്പം നീരജ് കൃഷ്ണയുടെയും അസാമാന്യ പ്രകടനങ്ങൾ സിനിമയുടെ നട്ടെല്ലാണ്. ഇവർക്കൊപ്പം പുതുമുഖങ്ങൾ ഉൾപ്പെടെ സിനിമയിൽ വേഷമിട്ട എല്ലാവരും അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ കണ്ട് മമ്മൂട്ടി കുട്ടികളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചതും വാർത്തയായി.