Padmapriya: ’24 മണിക്കൂര്‍ ഡേറ്റിങ് ചെയ്തു; 48 മണിക്കൂറിനുള്ളിൽ വിവാഹത്തിന് തീരുമാനിച്ചു’; പത്മപ്രിയ
Padmapriya Janakiraman: 24 മണിക്കൂറിനുള്ളിൽ ഡേറ്റ് ചെയ്യാമെന്ന് തങ്ങൾ തീരുമാനിച്ചുവെന്നും 48 മണിക്കൂറിനുള്ളിൽ വിവാഹത്തിനും തീരുമാനിച്ചുവെന്നാണ് നടി പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് തങ്ങൾ വിവാഹിതരായതെന്നും താരം പറയുന്നു.

മലയാളികളുടെ പ്രിയ താരമാണ് നടി പത്മപ്രിയ. ചുരുക്കം സിനിമകളിലൂടെ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരം പെട്ടെന്ന് കരിയറിൽ നിന്ന് ഇടവേളയെടുത്ത് വിദേശത്തേക്ക് പഠിക്കാൻ പോകുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് താരം പ്രണയത്തിലാവുകയും 2014 -ൽ ജാസ്മിൻ ഷായെ വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ വീണ്ടും സജീവമാകുകയാണ് താരം. ഇതിനിടെയിൽ വിവാഹത്തെ കുറിച്ച് പദ്മപ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാൻ പോയത് എന്നാണ് താരം പറയുന്നത്. ഇതിനിടെയിൽ തനിക്ക് ഒരു പങ്കാളിയെ ലഭിച്ചുവെന്നും കല്യാണം കഴിച്ചെന്നും താരം പറയുന്നു. പാർട്ണറെ കണ്ട സമയത്ത് തന്നെ താൻ തേടിയ ആളെ കിട്ടിയെന്ന് തോന്നി. 24 മണിക്കൂറിനുള്ളിൽ ഡേറ്റ് ചെയ്യാമെന്ന് തങ്ങൾ തീരുമാനിച്ചുവെന്നും 48 മണിക്കൂറിനുള്ളിൽ വിവാഹത്തിനും തീരുമാനിച്ചുവെന്നാണ് നടി പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് തങ്ങൾ വിവാഹിതരായതെന്നും താരം പറയുന്നു.
ഭർത്താവ് വളരെ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണെന്നും പത്മപ്രിയ പറയുന്നു. പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് താൻ ഒരു കാലത്ത് പറഞ്ഞിരുന്നുവെന്നും എന്നാൽ അതെല്ലാം പറഞ്ഞ് തന്നത് അദ്ദേഹമാണെന്നാണ് നടി പറയുന്നത്. തങ്ങൾ ഇരുവരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അദ്ദേഹം ഗുജറാത്തിയാണ് താൻ തമിഴും. കഴിക്കുന്ന ഭക്ഷണങ്ങളും വ്യത്യസ്തമാണ്. എന്നാൽ ആ വൈവിധ്യത്തിൽ സന്തോഷമുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
അഭിനയത്തിലേക്ക് മടങ്ങിവരാത്തതിന്റെ കാരണം വിവാഹം കഴിഞ്ഞതായിരുന്നില്ല, അതിനിടയില്‍ ജോലിയും കിട്ടി, അതുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ്, വീണ്ടും അഭിനയിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് പദ്മപ്രിയ പറയുന്നത്.