P Jayachandran Demise: അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്ന് മോഹൻലാൽ; പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി
ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്നും അനിയനെപ്പോലെ തന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും കുറിപ്പിൽ മോഹൻലാൽ പറയുന്നുണ്ട് .
മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലികൾ നേർന്ന് നടൻ മോഹൻലാലും മമ്മൂട്ടിയും. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്നും അനിയനെപ്പോലെ തന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും കുറിപ്പിൽ മോഹൻലാൽ പറയുന്നുണ്ട് . പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ നേരുന്നുവെന് പറഞ്ഞായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.
അതേസമയം അന്തരിച്ച പി ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ മറ്റന്നാൾ നടക്കും. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ മറ്റന്നാൾ 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വെള്ളിയാഴ്ച രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. ഇവിടെ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.
Also Read: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ
പി. ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് നിരവധി രാഷ്ട്രിയ പ്രമുഖരും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മന്ത്രി കെ.ബി. ഗണേഷ് കുമാർ, മന്ത്രി വി.എൻ. വാസവൻ, എന്നീവർ അനുശോചനം രേഖപ്പെടുത്തി.
വ്യാഴാഴ് രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ പി ജയചന്ദ്രൻ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി രാത്രി 7-54 ഓടെ മരണം സംഭവിക്കുകയായിരുന്നു.ക്യാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒൻപത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രി വിട്ടത്.